സൗദിയിൽ മത്സ്യബന്ധന മേഖലയിൽ സ്വദേശിവത്കരണം ഇന്ന് മുതൽ
text_fieldsജിദ്ദ: സൗദിയില്‍ മത്സ്യ ബന്ധന മേഖലയിലെ സ്വദേശിവത്കരണത്തിന് ഞായറാഴ്ച തുടക്കമാകും. രാജ്യത്ത് മത്സ്യബന്ധനം നടത്തുന്ന ഓരോ ബോട്ടിലും ഒരു സ്വദേശിയെങ്കിലും ഉണ്ടായിരിക്കണമെന്നതാണ് പുതിയ നിബന്ധന. നിയമം പാലിക്കാത്ത ബോട്ടുകള്‍ക്ക് ഞായറാഴ്ച മുതല്‍ കടലിലിറങ്ങാന്‍ അനുവാദം ലഭിക്കില്ല. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിെൻറ നേതൃത്വത്തിലാണ് മത്സ്യബന്ധന മേഖലയിലെ സ്വദേശിവത്കരണ നടപടികള്‍ക്ക് തുടക്കം കുറിക്കുന്നത്. രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് നടപടി. ഇതിെൻറ ഭാഗമായുള്ള ഒരുക്കങ്ങള്‍ സൗദിയിലെ വിവിധ ഫിഷിംഗ് ഹാര്‍ബറുകളില്‍ പൂര്‍ത്തിയായി. ഞായറാഴ്ച മുതല്‍ കടലിലറങ്ങുന്ന ഓരോ ബോട്ടിലും ഒരു സ്വദേശി ജോലിക്കാരനെങ്കിലും ഉണ്ടായിരിക്കണം. എങ്കില്‍ മാത്രമേ ബോട്ടുകള്‍ക്ക് മല്‍സ്യബന്ധനം നടത്താന്‍ അനുവാദം ലഭിക്കൂ.
സ്വദേശികള്‍ക്ക് മല്‍സ്യബന്ധന മേഖലയില്‍ കൂടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് അധികൃതരുടെ ലക്ഷ്യം. പാരമ്പര്യമായി ഈ മേഖലയില്‍ തൊഴിലെടുത്തിരുന്ന ചെറിയൊരു വിഭാഗം സ്വദേശികളാണ് നിലവിൽ ജോലി ചെയ്യുന്നത്. പുതുതലമുറിയിലെ യുവാക്കള്‍ പലകാരണങ്ങളാൽ ഈ രംഗത്തേക്ക് കടന്നുവരാന്‍ മടിക്കുന്നുണ്ട്. മറ്റു ജോലിയെക്കാള്‍ പ്രായാസമേറിയതും അതിനനുസരിച്ച് വേതനം ലഭിക്കാത്തതും ദിവസങ്ങളോളം നടുക്കടലില്‍ കഴിയേണ്ടതുമെല്ലാം യുവാക്കളെ പിന്നോട്ടടിപ്പിക്കുന്നു. ഇതോടെ മന്ത്രാലയത്തിെൻറ പുതിയ നിർദേശം എങ്ങിനെ നടപ്പിലാക്കുമെന്നതും ബോട്ടുടമകളെ ആശങ്കയിലാക്കുന്നുണ്ട്. ഈ മേഖലയില്‍ ഇന്ത്യക്കാരും ബംഗ്ലാദേശികളുമടങ്ങുന്ന വിദേശികളാണ് ഭൂരിഭാഗവും ജോലി ചെയ്യുന്നത്. ഇന്ത്യക്കാരില്‍ തമിഴ്നാട്ടില്‍ നിന്നുളളവരാണ് ഭൂരിഭാഗമെങ്കിലും മലയാളികളും തൊഴിലെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
