സൗദി ഫിലിം ഫോറം പരിപാടികൾ റിയാദിലെ ബോളിവാഡിൽ ഒക്ടോ. ഒന്നു മുതൽ
text_fieldsജിദ്ദ: സൗദി ഫിലിം ഫോറം പരിപാടികൾ റിയാദിലെ ബോളിവാഡ് സിറ്റിയിൽ ഒക്ടോബർ ഒന്നിന് ആരംഭിക്കും. നാലു ദിവസം നീളുന്ന സമ്മേളനത്തിൽ സിനിമാരംഗത്തെ 100 പ്രഗല്ഭരും 50 പ്രഭാഷകരും പങ്കെടുക്കും. സൗദി ഫിലിം അതോറിറ്റിക്കു കീഴിലെ ആദ്യത്തെ സിനിമാറ്റിക് ഇവൻറിന്റെ ആദ്യ സെഷന് സാക്ഷ്യംവഹിക്കാനാണ് റിയാദ് നഗരം ഒരുങ്ങുന്നത്. രാജ്യത്തിന് ഗുണകരമാകുന്ന സുസ്ഥിരവും നവീകരിച്ചതുമായ സാമ്പത്തിക വളർച്ച കൈവരിക്കുന്നതിന് നിക്ഷേപ അവസരങ്ങൾ പ്രദാനംചെയ്തും സഹകരണം വർധിപ്പിച്ചും അനുഭവങ്ങൾ കൈമാറ്റംചെയ്തും സിനിമ വ്യവസായത്തെ സൗദി സമ്പദ്വ്യവസ്ഥയിലെ ഒരു പ്രധാന സംഭാവനയായി മാറ്റുന്നതിനാണ് ഫോറം പ്രവർത്തിക്കുന്നത്.
സൗദി അറേബ്യയിലെ ചലച്ചിത്രനിർമാണത്തിെൻറ യാഥാർഥ്യവും ഭാവിയും അവലോകനം ചെയ്യുന്ന പരിപാടിയിൽ ഏറ്റവും പ്രമുഖരായ ചലച്ചിത്രനിർമാതാക്കൾ, സംവിധായകർ, നിക്ഷേപകർ, അന്താരാഷ്ട്ര മാധ്യമ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ഫോറത്തിൽ വർക്ക് ഷോപ്പുകളും നിരവധി പരിപാടികളും നടക്കും. ഇൻസ്പിരേഷൻ സോൺ, ഇന്നൊവേഷൻ സോൺ, ഇൻററാക്ടിവ് ആക്ടിവിറ്റീസ് സോൺ, എക്സ്പീരിയൻസ് സോൺ, ബിസിനസ് സോൺ, ഡെസ്റ്റിനേഷൻ എക്സിബിഷൻ എന്നിവയാണ് പ്രധാന പരിപാടികൾ.
ചലച്ചിത്രനിർമാതാവ് റാഷ അൽ ഇമാം, തിരക്കഥാകൃത്തും നിർമാതാവുമായ മുഹമ്മദ് ഹെഫ്സി, ചലച്ചിത്രനിർമാതാവ് ആൻഡ്രൂ ബാർൺസ്ലി എന്നിവരടമുള്ളവർ ഫോറത്തിൽ സംസാരിക്കും. സിനിമാവ്യവസായത്തിന്റെ സുപ്രധാന നേട്ടമാണ് ഫോറമെന്നും ഈ വ്യവസായത്തിലെ തദ്ദേശീയരും വിദേശികളുമായ അഭിനേതാക്കൾക്ക് ആശയവിനിമയം നടത്താനുള്ള വേദിയായിരിക്കുമെന്നും സൗദി ഫിലിം അതോറിറ്റി സി.ഇ.ഒ എൻജി. അബ്ദുല്ല അൽ അയ്യാഫ് പറഞ്ഞു.
സിനിമാവ്യവസായത്തിലെ പുതിയ സാങ്കേതിക വിദ്യകൾക്കും സർഗാത്മകതക്കും നൂതനത്വത്തിനും അടിസ്ഥാനംകൂടിയാകും ഫോറം. സൗദി അറേബ്യയിലെ സിനിമാവ്യവസായത്തിന്റെ വികസനത്തിൽ ഈ ഫോറം വലിയ സ്വാധീനം ചെലുത്തുമെന്നും അൽഅയ്യാഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

