‘ഇത്റ’യിലുണരും സിനിമാകാലം
text_fieldsകഴിഞ്ഞവർഷത്തെ സൗദി ഫിലിം ഫെസ്റ്റിവലിൽനിന്ന് (ഫയൽ ചിത്രം)
അൽഖോബാർ: 11ാമത് സൗദി ഫിലിം ഫെസ്റ്റിവൽ ഏപ്രിൽ 17 മുതൽ 24 വരെ ദഹ്റാനിലെ കിങ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചർ (ഇത്റ)യിൽ അരങ്ങേറും. സിനിമ വ്യക്തിപരവും ദേശീയവും സാംസ്കാരികവുമായ സ്വത്വത്തെ എങ്ങനെ പ്രതിഫലിപ്പിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്നുവെന്ന് പര്യവേക്ഷണം ചെയ്യുന്ന ‘സിനിമ ഓഫ് ഐഡന്റിറ്റി’ എന്നതാണ് ഇത്തവണത്തെ തീം. ‘ഇത്റ’യുമായി സഹകരിച്ച് സൗദി സിനിമ അസോസിയേഷനും സാംസ്കാരിക മന്ത്രാലയവും ഫിലിം കമീഷനും ചേർന്ന് സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവത്തിൽ നിരവധി സിനിമകൾ പ്രദർശിപ്പിക്കും. ചലച്ചിത്ര വിദ്യാഭ്യാസ പരിപാടികളും നെറ്റ്വർക്കിങ് അവസരങ്ങളും ഫെസ്റ്റിവലിൽ ഉണ്ടാവും.
ആഗോളതലത്തിൽ ശ്രദ്ധേയരായ വ്യക്തിത്വങ്ങളുടെ സങ്കീർണതകളെ സിനിമകൾ എങ്ങനെ മുന്നോട്ട് നയിക്കുന്നുവെന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട് പ്രാദേശികവും അന്തർദേശീയവുമായ സിനിമകളുടെ ഒരു മിശ്രിതമാവും പ്രദർശിപ്പിക്കുക.
ഇതിനായി തെരഞ്ഞെടുത്ത സിനിമകൾ പൈതൃകം, നഗരങ്ങൾ, വ്യക്തിഗത അനുഭവങ്ങൾ എന്നിവ സ്വത്വത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് പരിശോധിക്കും. കൂടാതെ ഈ സ്വാധീനങ്ങൾക്ക് മറുപടിയായി വ്യക്തികളും സമൂഹങ്ങളും നേരിടുന്ന വെല്ലുവിളികളും പരിവർത്തനങ്ങളും ഉയർത്തിക്കാട്ടും.
ഈ വർഷത്തെ ഫെസ്റ്റിവൽ സൗദി അറേബ്യയിലെ ഏറ്റവും പ്രശസ്തനായ നടന്മാരിൽ ഒരാളായ ഇബ്രാഹിം അൽ ഹസാവിയെ ആദരിക്കും. നിരവധി നാടകങ്ങൾ, ‘താഷ് മാ താഷ്’, ‘ബെയ്നി വാ ബയ്നാക്’ തുടങ്ങിയ ടിവി പരമ്പരകൾ, ‘ഹജ്ജാൻ’, ‘സീറോ ഡിസ്റ്റൻസ്’, ‘ഹോബൽ’ തുടങ്ങിയ സിനിമകൾ എന്നിവയിൽ ശ്രദ്ധേയ പങ്കാളിത്തം വഹിച്ച അൽഹസാവി സൗദി വിനോദരംഗത്ത് സ്വാധീനമുള്ള വ്യക്തിയാണ്.
കലയ്ക്ക് അദ്ദേഹം നൽകിയ മഹത്തായ സംഭാവനകളും സൗദി സിനിമയെ രൂപപ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്കും ഫെസ്റ്റിവൽ ആഘോഷിക്കും. സൗദി സിനിമയിലെ ശ്രദ്ധാകേന്ദ്രത്തിന് പുറമെ ജാപ്പനീസ് സിനിമയെ കേന്ദ്രീകരിച്ചുള്ള പ്രത്യേക പരിപാടിയും 11ാമത് സൗദി ഫിലിം ഫെസ്റ്റിവലിൽ അവതരിപ്പിക്കും. ഈ സെഗ്മെന്റ് സ്വതന്ത്ര ജാപ്പനീസ് സിനിമകളുടെ ഒരു നിര പ്രദർശിപ്പിക്കും.
ഇത് പ്രേക്ഷകർക്ക് ജപ്പാന്റെ തനതായ സിനിമാറ്റിക് പാരമ്പര്യങ്ങളും സാംസ്കാരിക സ്വത്വവും അനുഭവിക്കാൻ അവസരം നൽകുന്നു. ജാപ്പനീസ് പ്രോഗ്രാം ക്രോസ്-കൾച്ചറൽ ഡയലോഗുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സൗദി പ്രേക്ഷകരുടെ കാഴ്ചപ്പാടുകൾ വിശാലമാക്കുന്നതിനുമുള്ള ഫെസ്റ്റിവലിന്റെ ദൗത്യത്തെ കൂടുതൽ മെച്ചപ്പെടുത്തും. ഉത്സവത്തിലുടനീളം പങ്കെടുക്കുന്നവർക്ക് സ്ക്രീനിങ്ങുകൾക്കപ്പുറം വിപുലമായ പ്രവർത്തനങ്ങളിൽ മുഴുകാനുള്ള അവസരം ലഭിക്കും. സൗദി സിനിമയുടെ ഭാവിയെക്കുറിച്ചും ചലച്ചിത്രനിർമാണത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന പങ്കിനെക്കുറിച്ചും ഉൾക്കാഴ്ചകൾ വാഗ്ദാനം ചെയ്യുന്ന വ്യവസായ വിദഗ്ധരുമായി ചർച്ചകൾ നടക്കും. സംവിധായകൻ, ഛായാഗ്രാഹകൻ, തിരക്കഥാകൃത്ത് തുടങ്ങിയ ചലച്ചിത്രനിർമാണപ്രക്രിയയുടെ പ്രധാന വശങ്ങൾ ഉൾക്കൊള്ളുന്ന മാസ്റ്റർ ക്ലാസുകൾ പരിചയസമ്പന്നരായ ചലച്ചിത്ര നിർമാതാക്കളും വ്യവസായ വിദഗ്ധരും നയിക്കും.
ചലച്ചിത്ര നിർമാതാക്കൾക്ക് അവരുടെ പദ്ധതികളെക്കുറിച്ചുള്ള വ്യക്തിഗതമായ അഭിപ്രായങ്ങളും ഉപദേശവും സ്വീകരിക്കാൻ കഴിയുന്ന വിദഗ്ധരുമായി കൂടിക്കാഴ്ച നടത്താനുള്ള അവസരവും ഫെസ്റ്റിവൽ നൽകും. എഴുത്തുകാരെയും ചലച്ചിത്ര പ്രവർത്തകരെയും കാണാനുള്ള സന്ദർഭവും ഒരുക്കും. ഫെസ്റ്റിവലിലേക്കുള്ള ടിക്കറ്റുകൾ ‘ഇത്റ’യുടെ വെബ്സൈറ്റിൽനിന്ന് വാങ്ങാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

