സൗദി പ്രവാസിയുടെ മകന് അന്താരാഷ്ട്ര മത്സരത്തിൽ വെങ്കല മെഡൽ
text_fieldsപാമ്പോടൻ മുഹമ്മദ് റിഷിൻ
ജിദ്ദ: നീറാട് കെ.എം.സി.സി പ്രസിഡന്റും ജിദ്ദ കൊണ്ടോട്ടി മണ്ഡലം സി.എച്ച് സെന്റർ കൺവീനറുമായ കൊണ്ടോട്ടി നീറാട് സ്വദേശി പാമ്പോടൻ കബീറിന്റെ മകൻ മുഹമ്മദ് റിഷിന് ഉസ്ബെക്കിസ്ഥാനിൽ നടന്ന അന്താരാഷട്ര സാംബോ മത്സരത്തിൽ വെങ്കല മെഡൽ.
കൊണ്ടോട്ടി ഇ.എം.ഇ എ ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ് റിഷിൻ. ഉസ്ബെക്കിസ്താനിൽ നടന്ന ഏഷ്യ ആൻഡ് ഓഷ്യാനിയ സാംബോ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയായിരുന്നു. ഏപ്രിൽ 13 മുതൽ 18 വരെ ഉസ്ബെക്കിസ്താനിലെ യുനുസോബോഡ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിൽ 88 കാറ്റഗറിയിലുള്ള സ്പോർട്സ് സാംബോ വിഭാഗത്തിലാണ് റിഷിന്റെ തിളക്കമാർന്ന പ്രകടനം.
കിർഗിസ്ഥാൻ സ്വർണവും കസാഖിസ്ഥാൻ വെള്ളി മെഡലും നേടിയ കാറ്റഗറിയിലാണ് റിഷിന് ഇന്ത്യക്ക് വേണ്ടി ബ്രോൺസ് മെഡൽ കരസ്ഥമാക്കിയത്. മഹാരാഷ്ട്രയിൽ കഴിഞ്ഞ വർഷം നടന്ന നാഷനൽ സാംബോ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയിരുന്നു.
അതിന്റെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ അവസരം ലഭിച്ചത്. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അരിമ്പ്ര അബൂബക്കർ, ജനറൽ സെക്രട്ടറി വി.പി. മുസ്തഫ എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു. ഉമ്മ ഫൗസിയയും സഹോദരിമാരായ ഫാത്തിമ റിൻസ, ആയിഷ റിസ തുടങ്ങി കുടുംബാംഗങ്ങൾ എല്ലാം പിന്തുണയുമായി കൂടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

