സൗദി പരിസ്ഥിതി വാരം 2026; വിപുലമായ പരിപാടികളോടെ രാജ്യത്തുടനീളം തുടക്കമായി
text_fieldsസൗദി പരിസ്ഥിതി വാരാചരണം പരിസ്ഥിതി ജല കൃഷി മന്ത്രി എൻജി. അബ്ദുറഹ്മാൻ അൽഫദ്ലി റിയാദിൽ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ‘പരിസ്ഥിതി സുസ്ഥിരതയിലൂടെ സുരക്ഷിത ഭാവി’ എന്ന ലക്ഷ്യത്തോടെ 2026 ലെ സൗദി പരിസ്ഥിതി വാരത്തിന് രാജ്യത്തുടനീളം തുടക്കമായി. സമൂഹത്തിെൻറ വിവിധ തലങ്ങളിൽ പരിസ്ഥിതി ബോധവത്കരണം ശക്തമാക്കുക, പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഒരു ആഴ്ച നീളുന്ന വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. രാജ്യത്തെ 13 ഗവർണറേറ്റുകളിലും അതത് പ്രദേശങ്ങളുടെ പാരിസ്ഥിതിക പ്രത്യേകതകൾ കണക്കിലെടുത്തുകൊണ്ടുള്ള വൈവിധ്യമാർന്ന പ്രദർശനങ്ങൾ, സംവേദനാത്മക കാമ്പയിനുകൾ, ഫീൽഡ് പ്രവർത്തനങ്ങൾ എന്നിവ ഒരേസമയം നടക്കും. സൗദി വിഷൻ 2030 െൻറ ഭാഗമായി പരിസ്ഥിതി സംരക്ഷണത്തിന് രാജ്യം നൽകുന്ന മുൻഗണന അടിവരയിടുന്നതാണ് ഈ വർഷത്തെ പരിപാടികൾ.
പ്രധാന ലക്ഷ്യങ്ങൾ
ദേശീയതലത്തിലുള്ള പരിസ്ഥിതി സംരക്ഷണ ശ്രമങ്ങളെ പൊതുജനങ്ങളിലേക്ക് എത്തിക്കുക, പ്രകൃതി വിഭവങ്ങളുടെ വിവേകപൂർണമായ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പരിസ്ഥിതി വാരത്തിെൻറ കാതൽ. ഇതിലൂടെ പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുന്നതിനും ഭാവി തലമുറക്കായി വിഭവങ്ങൾ കരുതിവെക്കുന്നതിനും വ്യക്തികളെ സജീവ പങ്കാളികളാക്കാൻ ലക്ഷ്യമിടുന്നു.
കൂടാതെ, പരിസ്ഥിതി മേഖലയിലെ നവീന സാങ്കേതിക വിദ്യകളെയും നൂതനമായ പരിഹാരമാർഗങ്ങളെയും ഈ കാമ്പയിൻ പിന്തുണക്കുന്നു.
സർക്കാർ-സ്വകാര്യ പങ്കാളിത്തം
പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ നടക്കുന്ന ഈ ഉദ്യമത്തിൽ വിവിധ സർക്കാർ ഏജൻസികളും സ്വകാര്യ മേഖലയും ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങളും കൈകോർക്കുന്നു.
വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ സഹകരണത്തോടെ രാജ്യത്തെ സ്കൂളുകളിലും സർവകലാശാലകളിലുമുള്ള ഒമ്പത് ദശലക്ഷത്തിലധികം വിദ്യാർഥികളിലേക്ക് പരിസ്ഥിതി സന്ദേശം എത്തിക്കും. മുനിസിപ്പൽ-ഗ്രാമകാര്യ-ഭവന നിർമാണ മന്ത്രാലയം, സാംസ്കാരിക മന്ത്രാലയം, വാർത്താവിനിമയ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം എന്നിവയുൾപ്പെടെ നിരവധി സുപ്രധാന വകുപ്പുകൾ വാരത്തിെൻറ ഭാഗമാകും. ഇതിനോടനുബന്ധിച്ച് നടക്കുന്ന ദേശീയ പരിസ്ഥിതി പ്രദർശനത്തിൽ സർക്കാർ-സ്വകാര്യ മേഖലകളിലെ പരിസ്ഥിതി സംരക്ഷണ വിജയഗാഥകളും നൂതന സാങ്കേതിക വിദ്യകളും പൊതുജനങ്ങൾക്കായി അവതരിപ്പിക്കും.
പൊതു-സ്വകാര്യ പങ്കാളിത്തം ശക്തമാക്കുന്നതിലൂടെയും സമൂഹത്തിൽ ഉത്തരവാദിത്തബോധം വളർത്തുന്നതിലൂടെയും സുസ്ഥിരമായ ഒരു പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കാനാണ് സൗദി അറേബ്യ ഈ പരിസ്ഥിതി വാരത്തിലൂടെ മുന്നോട്ട് വെക്കുന്നത്.
പരിസ്ഥിതി മേഖലയിലെ പ്രമുഖരെ ഒരുമിച്ച് അണിനിരത്തിക്കൊണ്ട് നടത്തുന്ന ബോധവൽക്കരണ സംരംഭങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ കരുത്താർജ്ജിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

