എണ്ണ വിതരണം പൂർവ സ്ഥിതിയിലായി -സൗദി അറേബ്യ
text_fieldsജിദ്ദ: അരാംകോ ഭീകരാക്രമണത്തെ തുടർന്ന് ഭാഗികമായി തടസ്സപ്പെട്ട സൗദി അറേബ്യയുടെ എണ്ണ വിതരണം പൂർവ സ്ഥിതിയിലായെന്ന് ഉൗർജമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ പറഞ്ഞു. ശനിയാഴ്ചക്കു മുമ്പുള്ള അവസ്ഥയിലേക്ക് എണ്ണവിതരണം എത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി വൈകി ജിദ്ദയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രതിസന്ധി തരണം ചെയ്ത നിർണായകവിവരം സൗദി ഉൗർജമന്ത്രി പ്രഖ്യാപിച്ചത്.
ഇൗ മാസം ഉപഭോക്തൃരാജ്യങ്ങൾക്കുള്ള എണ്ണവിതരണം സാധാരണപോലെ തുടരും. സെപ്റ്റംബർ അവസാനത്തോടെ എണ്ണ ഉൽപാദന ശേഷി പ്രതിദിനം 11 ദശലക്ഷം ബാരലായി ഉയരുമെന്നും അമീർ അബ്ദുൽ അസീസ് കൂട്ടിച്ചേർത്തു.
ആക്രമണത്തിന്‍റെ ഉറവിടത്തെ കുറിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അത് ആഭ്യന്തര പ്രതിരോധ മന്ത്രാലയങ്ങൾ പറയുമെന്ന് മന്ത്രി മറുപടി പറഞ്ഞു. സർക്കാർ ഗൗരവത്തിൽ തന്നെ ഇതിനെതിരെ നടപടി സ്വീകരിക്കും. അക്രമത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ ഐക്യരാഷ്ട്ര സഭ അന്വേഷണസംഘത്തെ അയക്കുമെന്ന് മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര സമൂഹം ആഗോള എണ്ണ വിപണിക്കും സാമ്പത്തിക വ്യവസ്ഥക്കും നേരെയുള്ള ആക്രമണത്തെ ശക്തമായി നേരിടണം. എണ്ണ ഉദ്പാദകരാഷ്ട്ര കൂട്ടായ്മ ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയവിവാദങ്ങളിൽ അഭിപ്രായം പറയാറില്ല. ബ്രെന്‍റ് ക്രൂഡ് ഫ്യൂച്ചേഴ്സ് ബാരലിന് ഏഴ് ശതമാനം അഥവാ 4.86 ഡോളർ കുറഞ്ഞ് 64.16 ഡോളറിലെത്തി. ഡബ്ല്യു ടി ഐ ക്രൂഡിന് ആറ് ശതമാനം കുറഞ്ഞിട്ടുണ്ട്. 3.79 ഡോളർ കുറഞ്ഞ് 59.11 ഡോളറിലെത്തി.
ശനിയാഴ്ചത്തെ ഭീകരാക്രമണത്തിൽ ഉണ്ടായ അഗ്നിബാധ ഏഴ്മണിക്കൂറിനകം പൂർണമായി നിയന്ത്രണ വിധേയമാക്കാൻ സാധിച്ചതായി വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത സൗദി അരാംകോ ചെയർമാൻ യാസിർ അൽ റുമയ്യാൻ പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ കരുതൽ ശേഖരത്തിൽ നിന്ന് എടുത്ത് ഉപയോഗിച്ച എണ്ണ സെപ്റ്റംബർ അവസാനത്തോടെ തിരികെ വെക്കാനാവും. അരാംകോയുടെ ഒാഹരി വിൽപനക്കുള്ള നടപടികൾക്ക് ഇൗ സംഭവങ്ങൾ തടസ്സമാകില്ല. അടുത്ത മാസം അതു നടപ്പിലായേക്കുമെന്നും ചെയർമാൻ വ്യക്തമാക്കി. എണ്ണ ഉൽപാദനം ഭാഗികമായി തടസ്സപ്പെെട്ടന്ന കാര്യം ശരിയാണ്. എന്നാൽ ഉൽപാദനശേഷി വീണ്ടെടുക്കാനാവില്ലെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം ക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
