പ്രശ്നങ്ങളുണ്ടെങ്കില്‍ ഹൗസ് മെയ്ഡുകള്‍ നേരിട്ട് സമീപിക്കണമെന്ന് എംബസി
text_fieldsറിയാദ്: സൗദി അറേബ്യയിലെ വീട്ടുജോലിക്കാരികള്‍ അവരുടെ പ്രശ്നങ്ങള്‍ക്ക് എംബസിയെ നേരിട്ട് സമീപിക്കണമെന്ന് അധികൃതര്‍. ഗാര്‍ഹിക തൊഴില്‍ വിസയില്‍ വരുന്നവരെ ബോധവത്കരിക്കാന്‍ ലക്ഷ്യമിട്ട് ട്വിറ്ററിലൂടെ എംബസി നടത്തുന്ന കാമ്പയിനിലാണ് ഇക്കാര്യം പറയുന്നത്. തൊഴിലില്‍ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ അത് അറിയിക്കേണ്ടതും പ്രശ്നപരിഹാരം തേടേണ്ടതും എംബസിയിലാണ്. നേരിട്ടത്തെി വെല്‍ഫെയര്‍ ഓഫീസറെ കാണുകയും പരാതി ഉന്നയിക്കുകയും വേണം. അതിന് പകരം സ്പോണ്‍സര്‍മാരുടെ വീടുകളില്‍ ചെന്ന് പ്രശ്നം എന്താണെന്ന് അന്വേഷിക്കാന്‍ നിലവിലെ സൗദി വ്യവസ്ഥയില്‍ ഉദ്യോഗസ്ഥര്‍ക്ക് അനുവാദമില്ല.
ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ വ്യവസ്ഥകള്‍ പാലിച്ചാണ് സൗദിയിലത്തെിയതെങ്കില്‍ തൊഴിലാളികള്‍ ഒരു പ്രശ്നവും നേരിടേണ്ടി വരില്ളെന്നും നിയമ സംരക്ഷണം ഉറപ്പാണെന്നും ട്വിറ്റര്‍ കുറിപ്പില്‍ പറയുന്നു. 30 തികയാത്തവരെയും 50 വയസ് കഴിഞ്ഞവരെയും റിക്രൂട്ട്മെന്‍റില്‍ നിന്ന് തടയും. എംബസിയുടെ അനുവാദമില്ലാതെ റിക്രൂട്ട്മെന്‍റ് നടത്താനാവില്ല. സാക്ഷ്യപ്പെടുത്തിയ സേവന വേതന കരാര്‍ ഉണ്ടാവണം. വിസയുടേയും തൊഴിലുടമയുടേയും തൊഴിലാളിയുടേയും വിവരങ്ങള്‍ വിശദമായി പരിശോധിച്ച് നിജസ്ഥിതി ഉറപ്പാക്കിയ ശേഷമേ കരാറിന് എംബസി അന്തിമമായി അംഗീകാരം നല്‍കൂ. ഇതിനോടൊപ്പം 2500 ഡോളറിന്‍െറ ബാങ്ക് ഗ്യാരന്‍റിയും സ്പോണ്‍സറില്‍ നിന്ന് വാങ്ങും. അത് ഹൗസ് മെയ്ഡിന്‍െറ ക്ഷേമത്തിനുവേണ്ടിയുള്ളതാണ്. സ്പോണ്‍സറുടെ ഭാഗത്ത് നിന്ന് കരാര്‍ ലംഘനമുണ്ടായാല്‍ പ്രശ്നപരിഹാരത്തിന് ഈ പണം ഉപയോഗിക്കും. ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് ഹൗസ് മെയ്ഡ് റിക്രൂട്ട്മെന്‍റ് നടത്താന്‍ ആറ് ഏജന്‍സികള്‍ക്കേ അനുവാദം നല്‍കിയിട്ടുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
റിക്രൂട്ടിങ് ഏജന്‍റിന് അംഗീകാരമുണ്ടോ എന്ന് വിസ നടപടികള്‍ക്കൊരുങ്ങും മുമ്പ് തന്നെ അന്വേഷിച്ച് ഉറപ്പുവരുത്തണമെന്നും മുന്നറിയിപ്പ്് നല്‍കുന്നു. അടുത്തിടെ നിരവധി ഹൗസ് മെയ്ഡുകള്‍ പ്രശ്നത്തില്‍ കുടുങ്ങി നാടുകളിലേക്ക് മടങ്ങാനാവാതെ കഴിയുന്നത് വാര്‍ത്തയായിരുന്നു.
എംബസി മുന്‍കൈയെടുത്ത് പലരേയും നാടുകളില്‍ എത്തിച്ചു. നിയമങ്ങള്‍ വേണ്ടത്ര പാലിച്ചല്ല പലരും ഗാര്‍ഹിക വിസകളില്‍ വരുന്നതെന്ന് കണ്ടത്തെിയതിനെ തുടര്‍ന്നാണ് ബോവത്കരണവുമായി എംബസി അധികൃതര്‍ മുന്നോട്ടുവരുന്നത്. ഇതിനകം നാട്ടിലത്തൊന്‍ കഴിഞ്ഞവരും അവരുടെ ബന്ധുക്കളും സഹായിച്ച സാമൂഹിക പ്രവര്‍ത്തകരുമെല്ലാം എംബസിക്കും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും നന്ദി അറിയിച്ച് ട്വിറ്ററില്‍ തന്നെ പോസ്റ്റുകള്‍ ഇടുന്നുണ്ട്.
ഗാര്‍ഹിക തൊഴില്‍ കരാര്‍ നടപ്പായി വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും റിക്രൂട്ട്മെന്‍റ് വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തുന്നതാണ് ഹൗസ് മെയ്ഡുകള്‍ പ്രശ്നത്തില്‍ പെടാന്‍ കാരണമെന്നാണ് സാമൂഹിക പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
