സിറിയയിൽ സൗദി എംബസി; സൗദി സാങ്കേതിക സംഘം ഡമസ്കസിലെത്തി
text_fieldsഡമാസ്കസിലെ സൗദി എംബസി കെട്ടിടം
ജിദ്ദ: സിറിയയിൽ സൗദി എംബസി വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് സൗദി സാങ്കേതിക സംഘം ശനിയാഴ്ച സിറിയയിലെത്തിയതായി സൗദി പ്രസ് ഏജൻസി (എസ്.എ) റിപ്പോർട്ട് ചെയ്തു. സൗദി വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ ഗാസി ബിൻ റാഫിയ അൽ അൻസിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സിറിയൻ തലസ്ഥാനമായ ഡമസ്കസിൽ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് സിറിയൻ വിദേശ കാര്യ അസിസ്റ്റന്റ് മന്ത്രി അയ്മാൻ സൂസനുമായി കൂടിക്കാഴ്ച നടത്തി.
തങ്ങൾക്കുള്ള ഊഷ്മളമായ സ്വീകരണത്തിനും എത്തിച്ചേരൽ നടപടിക്രമങ്ങൾ സുഗമമാക്കിയതിനും അൽ അൻസി സൂസനോട് നന്ദി പറഞ്ഞു. ടീമിന്റെ ചുമതല സുഗമമാക്കുന്നതിനാവശ്യമായ എല്ലാ പിന്തുണയും നൽകാൻ മന്ത്രാലയം പൂർണമായും തയാറാണെന്ന് സൂസൻ അൽ അൻസിയെ ധരിപ്പിച്ചു.
12 വർഷത്തെ സസ്പെൻഷനുശേഷം കഴിഞ്ഞ മാസമാണ് സൗദിയും സിറിയയും തമ്മിലുള്ള നയതന്ത്ര ബന്ധം പുനരാരംഭിക്കാൻ ധാരണയായത്. സൗദിയുടെ വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ സിറിയൻ പ്രസിഡന്റ് ബശ്ശാർ അൽ അസദുമായി ഏപ്രിൽ 18ന് സിറിയയിലെ ഡമസ്കസിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. സിറിയൻ ആഭ്യന്തര യുദ്ധത്തെത്തുടർന്ന് ഒരു ദശാബ്ദത്തിലേറെയായി തങ്ങളുടെ നയതന്ത്രജ്ഞരെ പിൻവലിച്ച സൗദി അറേബ്യ ഈ മാസം ഒമ്പതിന് ഡമസ്കസിൽ സൗദി എംബസി പുനരാരംഭിക്കുമെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞയാഴ്ച ജിദ്ദയിൽ നടന്ന അറബ് ലീഗിന്റെ 32-ാമത് ഉച്ചകോടിയിൽ സിറിയൻ പ്രസിഡന്റ് ബശ്ശാറുൽ അസദ് പങ്കെടുത്തിരുന്നു.