സൗദി സമ്പദ് വ്യവസ്ഥക്ക് വീണ്ടും നേട്ടം; ഈ വർഷം ആദ്യ മൂന്ന് മാസത്തിനിടെ 2.7 ശതമാനം വളർച്ച
text_fieldsജിദ്ദ: ഈ വർഷം ആദ്യ പാദത്തിൽതന്നെ സൗദി സമ്പദ് വ്യവസ്ഥക്ക് നേട്ടം. കഴിഞ്ഞ വർഷത്തെ ഒന്നാം പാദത്തെ അപേക്ഷിച്ച് 2.7 ശതമാനം വളർച്ചയാണ് സമ്പദ് വ്യവസ്ഥ കൈവരിച്ചത്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) മികച്ച നേട്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകളിൽ വെളിപ്പെടുത്തി. എണ്ണയിതര മേഖലകളിൽ 4.2 ശതമാനം വർധനവും സർക്കാർ മേഖലയിലെ പ്രവർത്തനങ്ങളിൽ 3.2 ശതമാനം വളർച്ചയും ഉണ്ടായതായി കണക്കാക്കുന്നു.
എന്നാൽ എണ്ണ മേഖലയിൽ വാർഷികാടിസ്ഥാനത്തിൽ 1.4 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 2024ലെ നാലാം പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ 2025ലെ ആദ്യ പാദത്തിൽ സമ്പദ് വ്യവസ്ഥ 0.9 ശതമാനം വളർച്ച രേഖപ്പെടുത്തി. എണ്ണ ഇതര പ്രവർത്തനങ്ങളിൽ 1.0 ശതമാനം വളർച്ചക്ക് പുറമേ, സർക്കാർ മേഖലയിലെ പ്രവർത്തനങ്ങളിൽ 4.9 ശതമാനം വർധനവും എണ്ണമേഖലയിൽ പാദ അടിസ്ഥാനത്തിൽ 1.2 ശതമാനം കുറവുമാണ് റിപ്പോർട്ട് ചെയ്തത്.
സാമ്പത്തിക സുതാര്യത വർധിപ്പിക്കുന്നതിനും സ്ഥിതിവിവരക്കണക്കുകളുടെ ഗുണനിലവാരവും വിശ്വാസ്യതയും മെച്ചപ്പെടുത്തുന്നതിനും സൗദിയുടെ ‘വിഷൻ 2030’ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ജി.ഡി.പിയുടെ സമഗ്രമായ അപ്ഡേറ്റ് നടപ്പാക്കുമെന്ന് അതോറിറ്റി പ്രഖ്യാപിച്ചു. ഇത് മികച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഭാവന ചെയ്യുമെന്ന് വിലയിരുത്തുന്നു.
എണ്ണയിതര സമ്പദ് വ്യവസ്ഥയുടെ പുരോഗതിയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ബഹുമുഖമായ വളർച്ചയും റിപ്പോർട്ടിൽ എടുത്തുകാണിച്ചു. ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ സാമ്പത്തിക പ്രവർത്തനങ്ങളുടെ നേട്ടത്തിൽ ഉണ്ടായ വർധനവിന്റെ സ്വാധീനവും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. മികവുറ്റ സാമ്പത്തിക വളർച്ചയാണ് സൗദിയുടെ സാമ്പത്തിക മേഖല തുടർച്ചയായി കൈവരിക്കുന്നതെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

