‘ഇസ്ലാം: നിർഭയത്വവും സമാധാനവും’ ത്രൈമാസ കാമ്പയിൻ; സൗദി കിഴക്കൻ പ്രവിശ്യാതല പ്രചരണ പരിപാടികൾക്ക് തുടക്കമായി
text_fieldsഇസ്ലാഹി സെൻററുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ത്രൈമാസ കാമ്പയിൻ സൗദി
കിഴക്കൻ പ്രവിശ്യാതല പ്രചരണോദ്ഘാടന പരിപാടികളിൽനിന്ന്
ദമ്മാം: ‘ഇസ്ലാം: നിർഭയത്വവും സമാധാനവും’ എന്ന പ്രമേയത്തിൽ സൗദി അറേബ്യയിലെ ഇസ്ലാഹി സെൻററുകളുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ മുതൽ ഡിസംബർ വരെ സംഘടിപ്പിക്കുന്ന ത്രൈമാസ ദേശീയ കാമ്പയിെൻറ കിഴക്കൻ പ്രവിശ്യാതല പ്രചരണോദ്ഘാടനം ജുബൈൽ, ദമ്മാം, ഖോബാർ ഇസ്ലാഹി സെൻററുകളിലെ ഓഡിറ്റോറിയങ്ങളിൽ നടന്നു.
ഇസ്ലാമിെൻറ യഥാർത്ഥ സന്ദേശവും നിർഭയത്വത്തിെൻറയും സമാധാനത്തിെൻറയും ജീവിതമൂല്യങ്ങളും പ്രവാസി സമൂഹത്തിലേക്ക് എത്തിക്കുകയും ചിന്തയുടെയും ആത്മപരിവർത്തനത്തിെൻറയും വഴികളിലേക്ക് സമൂഹത്തെ ക്ഷണിക്കുകയും ചെയ്യുകയാണ് കാമ്പയിെൻറ ലക്ഷ്യം. പ്രവാസി സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഉൾപ്പെടുത്തി ദേശീയ, മേഖല, ഇസ്ലാഹി സെൻറർ തലങ്ങളിൽ ഓൺലൈനായും ഓഫ്ലൈനായും 60ഓളം വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. വിദ്യാർഥികൾ, യുവാക്കൾ, വനിതകൾ, പ്രഫഷനലുകൾ, ഡ്രൈവർമാർ, കുടുംബങ്ങൾ തുടങ്ങിയ വിവിധ വിഭാഗങ്ങൾക്കായി ക്വിസ്, പഠനക്ലാസുകൾ, സംവാദങ്ങൾ, സെമിനാറുകൾ, ക്യാമ്പുകൾ, കരിയർ ഗൈഡൻസ്, സി.പി.ആർ പരിശീലനം, യൂത്ത് സമ്മിറ്റ്, പീസ് റേഡിയോടൊപ്പം ഒരു വൈകുന്നേരം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. പ്രവാസികളുടെ തിരക്കേറിയ ജീവിതത്തിനിടയിലെ ഒഴിവുസമയം വിജ്ഞാനപ്രദവും ക്രിയാത്മകവുമായി ഉപയോഗപ്പെടുത്തുന്നതിനുള്ള പരിപാടികൾക്കും പ്രത്യേക പ്രാധാന്യം നൽകും. കാമ്പയിെൻറ ഭാഗമായി ബോധവത്കരണ പരിപാടികൾ, പ്രഭാഷണങ്ങൾ, വൈജ്ഞാനിക സംവാദങ്ങൾ, കുടുംബസംഗമങ്ങൾ, യുവജന–വിദ്യാർത്ഥി കേന്ദ്രീകൃത പരിപാടികൾ എന്നിവ സംഘടിപ്പിക്കും. ഡ്രൈവർമാർക്കായി ‘ചലനം – ഡ്രൈവേഴ്സ് മീറ്റ്’, വിദ്യാർത്ഥികൾക്കായി ക്വിസ്, കലാകായിക പരിപാടികൾ, വനിതാസംഗമം, പെൺകുട്ടികളുടെ കൂടിച്ചേരൽ, യൂത്ത് സമ്മിറ്റ്, യുവജന സംവാദം, യൂത്ത് ക്യാമ്പുകൾ, ഫോക്കസ് പ്രഫഷനൽ മീറ്റ്, കരിയർ ഗൈഡൻസ് പരിപാടികൾ, പീസ് റേഡിയോ പരിപാടികൾ തുടങ്ങിയവയും പദ്ധതിയിലുണ്ട്. കിഴക്കൻ പ്രവിശ്യാതല കാമ്പയിെൻറ ഉദ്ഘാടന സമ്മേളനം സെപ്റ്റംബർ 18ന് ജുബൈൽ ദഅ്വാ സെൻററിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

