സൗദിയിൽ 1,200 കിലോമീറ്റർ നീളത്തിൽ വടക്കൻ വിനോദസഞ്ചാര പാത വികസിപ്പിക്കുന്നു
text_fieldsറിയാദ്: സൗദി അറേബ്യയിലെ ചരിത്രപ്രാധാന്യമുള്ളതും പ്രകൃതിരമണീയവുമായ 16 വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് 1,200 കിലോമീറ്റർ നീളത്തിൽ വടക്കൻ വിനോദസഞ്ചാര പാത വികസിപ്പിക്കുന്നു. റിയാദ്, അൽ ഖസീം, ഹാഇൽ മേഖലകളിലൂടെ കടന്നുപോകുന്ന 'നോർത്തേൺ ട്രെയിൽ' എന്ന പേരിൽ അറിയപ്പെടുന്ന പാത രാജ്യത്തെ വിനോദസഞ്ചാര മേഖലയിൽ പുതിയ സാധ്യതകൾ തുറക്കുമെന്ന് റോഡ്സ് ജനറൽ അതോറിറ്റി വ്യകത്മാക്കി.
രാജ്യത്തിന്റെ 73,000 കിലോമീറ്ററിലധികം വരുന്ന റോഡ് ശൃംഖല നഗരങ്ങളെയും പ്രവിശ്യകളെയും തമ്മിൽ ബന്ധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്.
റോഡ് ശൃംഖലയുടെ ബന്ധിപ്പിക്കൽ ശേഷിയിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്തെത്താനും സൗദിക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്. വിനോദസഞ്ചാരികൾക്ക് യാത്രയോടൊപ്പം വൈവിധ്യമാർന്ന അനുഭവങ്ങൾ സമ്മാനിക്കുന്നതാണ് വടക്കൻ വിനോദസഞ്ചാര പാതയുടെ പ്രത്യേകത.
മരുഭൂമിയിലെ സാഹസിക യാത്രകൾ, മലകയറ്റം, സാംസ്കാരിക-പൈതൃക കേന്ദ്രങ്ങളുടെ സന്ദർശനം, കാർഷിക-ഗ്രാമീണ ജീവിതാനുഭവങ്ങൾ, പ്രാദേശിക ഭക്ഷണവിഭവങ്ങളുടെ രുചിയറിയൽ, പരമ്പരാഗത കരകൗശല നിർമാണം തുടങ്ങി 130 ലധികം വിനോദസഞ്ചാര പ്രവർത്തനങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
പാതയുടെ ഭാഗമായ 15 ഫാമുകൾ സന്ദർശകർക്ക് ഗ്രാമീണ കാർഷിക ജീവിതം അടുത്തറിയാനുള്ള അവസരവും നൽകുന്നു. ചരിത്ര-പ്രകൃതിദത്ത കേന്ദ്രങ്ങൾ പരിചയപ്പെടുത്താൻ 335 ലധികം ടൂർ ഗൈഡുകളുടെ സേവനവും ലഭ്യമാണ്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഹാഇൽ മേഖലയിലെ ജുബ്ബയിലെ പുരാവസ്തു കേന്ദ്രങ്ങളും പാറകളിലെ ചരിത്രലിഖിതങ്ങളും പാതയിലെ പ്രധാന ആകർഷണങ്ങളാണ്.
റിയാദ് മേഖലയിലെ റഗ്ബയിൽ സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ അൽ മർഖബ് ടവർ (റഗ്ബ വാച്ച് ടവർ) ഈ പാതയിലെ മറ്റൊരു പ്രധാന കാഴ്ചയാണ്. ഹിജ്റ 13-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിർമ്മിച്ച ഈ സിലിണ്ടർ ആകൃതിയിലുള്ള നിരീക്ഷണ ഗോപുരത്തിന് ആറ് നിലകളിലായി ഏകദേശം 22 മീറ്റർ ഉയരമുണ്ട്.
റിയാദിലെ ചരിത്രപ്രസിദ്ധമായ ദിരിയയിൽ നിന്ന് ആരംഭിച്ച് ഹാഇൽ മേഖലയിലെ ജുബ്ബയിലാണ് ഈ പാത അവസാനിക്കുന്നത്. റിയാദ് മേഖലയിൽ 7 കേന്ദ്രങ്ങളും, അൽ ഖസീം മേഖലയിൽ 6 കേന്ദ്രങ്ങളും, ഹാഇൽ മേഖലയിൽ 3 കേന്ദ്രങ്ങളുമാണ് ഈ പാതയിലുള്ളത്. താദിഖ്, ശഖ്റ, ഉഷൈഖർ, അൽ ഖസബ്, മജ്മഅ, അൽ ഗാത്ത്, സുൽഫി, അൽ മിദ്നബ്, ഉനൈസ, അൽ റസ്, അൽ ബുഖൈരിയ, ബുറൈദ, ഉയൂൻ അൽ ജിവാ, ഹാഇൽ, ജുബ്ബ എന്നിവയാണ് പാതയിലെ പ്രധാന കേന്ദ്രങ്ങൾ. റോഡ് ശൃംഖലയുടെ ഗുണനിലവാരവും സുരക്ഷയും ഏതൊരു കരമാർഗമുള്ള വിനോദസഞ്ചാര പദ്ധതിയുടെയും വിജയത്തിന് അത്യന്താപേക്ഷിതമാണെന്ന് അതോറിറ്റി വ്യക്തമാക്കി. ഗതാഗത, വിനോദസഞ്ചാര, വികസന മേഖലകളുടെ ഏകോപനത്തിലൂടെ സഞ്ചാരികൾക്ക് പുതിയതും സുസ്ഥിരവുമായ യാത്രാനുഭവങ്ങൾ നൽകുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

