സൗദി ആഭ്യന്തര സഹമന്ത്രി ലെഫ്റ്റനന്റ് ജനറൽ സഈദ് അൽഖഹ്താനി അന്തരിച്ചു
text_fieldsആഭ്യന്തര സഹമന്ത്രി ലെഫ്റ്റനന്റ് ജനറൽ സഈദ് അൽഖഹ്താനി
ജിദ്ദ: സൗദി അറേബ്യയുടെ ആഭ്യന്തര സുരക്ഷാ രംഗത്തെ അതികായനും ആഭ്യന്തര മന്ത്രാലയം ഓപ്പറേഷൻസ് വിഭാഗം സഹമന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ സഈദ് ബിൻ അബ്ദുല്ല അൽഖഹ്താനി അന്തരിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ ചികിത്സയിലായിരിക്കെ വെള്ളിയാഴ്ചയായിരുന്നു അന്ത്യം. മയ്യിത്ത് നമസ്കാരം റിയാദിലെ കിങ് ഖാലിദ് ഗ്രാൻഡ് മോസ്കിൽ അസർ നമസ്കാരത്തിന് ശേഷം നടന്നു. ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നാഇഫ് നമസ്കാരത്തിൽ പങ്കുചേരുകയും സൗദി ഭരണനേതൃത്വത്തിന്റെ അനുശോചനം പരേതന്റെ കുടുംബത്തെ അറിയിക്കുകയും ചെയ്തു.
60 വർഷക്കാലം രാജ്യത്തിന് വേണ്ടി സമർപ്പിച്ച അൽഖഹ്താനി, സത്യസന്ധതയുടെയും തൊഴിൽപരമായ മികവിന്റെയും ഉത്തമ മാതൃകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി അനുസ്മരിച്ചു. സത്യസന്ധതയുടെയും അചഞ്ചലമായ രാജ്യസ്നേഹത്തിന്റെയും ഉത്തമ മാതൃകയായിരുന്നു അദ്ദേഹമെന്നും മന്ത്രി പറഞ്ഞു.
കിങ് ഫഹദ് സെക്യൂരിറ്റി കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം സുരക്ഷാ മേഖലയിൽ പ്രവേശിച്ച അൽഖഹ്താനി, തികച്ചും ശ്രദ്ധേയമായ ഔദ്യോഗിക ജീവിതത്തിന് ഉടമയായിരുന്നു. പ്രിസൺ ജനറൽ ഡയറക്ടറേറ്റ്, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി നിരവധി സുപ്രധാന വകുപ്പുകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു.
ഹജ്ജ് സുരക്ഷാ രംഗത്ത് അദ്ദേഹത്തിന്റെ സംഭാവനകൾ സമാനതകളില്ലാത്തതാണ്. വർഷങ്ങളോളം മിനായിലെ ഇൻവെസ്റ്റിഗേഷൻ യൂനിറ്റുകളെ നയിച്ച അദ്ദേഹം മക്ക റീജിയനൽ പോലീസ് ഡയറക്ടറായും പബ്ലിക് സെക്യൂരിറ്റി ഡയറക്ടറായും മികവ് തെളിയിച്ചു. ഹിജ്‌റ 1435 മുതൽ മരണം വരെ ആഭ്യന്തര മന്ത്രാലയത്തിൽ സഹമന്ത്രി എന്ന സുപ്രധാന പദവിയിലിരുന്ന് രാജ്യത്തിന്റെ സുരക്ഷാ ഭൂപടം രൂപപ്പെടുത്തുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

