റിയാദിലും ഖർജിലും മിസൈൽ-ഡ്രോൺ ആക്രമണ ശ്രമം: എംബസി മേഖലക്ക് നേരെയും നീക്കം; സൗദി പ്രതിരോധ സേനയുടെ ശക്തമായ ഇടപെടൽ
text_fieldsറിയാദ്: സൗദി അറേബ്യയുടെ വിവിധ തന്ത്രപ്രധാന മേഖലകളെ ലക്ഷ്യം വെച്ച് ഇന്ന് പുലർച്ചെയുണ്ടായ വൻതോതിലുള്ള മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധ സേന തകർത്തു. തലസ്ഥാന നഗരമായ റിയാദിലെ അതീവ സുരക്ഷാ മേഖലയായ എംബസി ഡിസ്ട്രിക്റ്റ് ലക്ഷ്യമാക്കി എത്തിയ രണ്ട് ഡ്രോണുകൾ വെടിവെച്ചിട്ടതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. റിയാദിൽ പിന്നീട് മറ്റൊരു ഡ്രോൺ കൂടി തകർത്തതായി പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി സ്ഥിരീകരിച്ചു.
അതേസമയം, ഖർജ് ഗവർണറേറ്റിലെ പ്രിൻസ് സുൽത്താൻ എയർബേസ് ലക്ഷ്യമാക്കി തൊടുത്ത ബാലിസ്റ്റിക് മിസൈലും ആകാശത്തുവെച്ച് വിജയകരമായി പ്രതിരോധിച്ചു. മിസൈൽ തകർത്തതിനെത്തുടർന്ന് അതിന്റെ അവശിഷ്ടങ്ങൾ എയർബേസ് പരിസരത്ത് പതിച്ചെങ്കിലും നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആക്രമണ സാധ്യത മുൻനിർത്തി ഖർജിൽ സിവിൽ ഡിഫൻസ് അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ജനാലകളിൽ നിന്നും ബാൽക്കണികളിൽ നിന്നും അകലം പാലിക്കണമെന്നും സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിൽ തന്നെ കഴിയണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകി.
കിഴക്കൻ പ്രവിശ്യയിൽ മാത്രം 10 ഡ്രോണുകളാണ് പ്രതിരോധ സേന തകർത്തത്. ഇറാൻ അനുകൂല ശക്തികൾ രാജ്യത്തെ ഊർജ്ജ-സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ഇത്തരം നീക്കങ്ങൾ നടത്തുന്നത്. റിയാദിലും കിഴക്കൻ പ്രവിശ്യയിലുമായി ഇതുവരെ 405 ഡ്രോണുകളും 30 ബാലിസ്റ്റിക് മിസൈലുകളും 7 ക്രൂയിസ് മിസൈലുകളും വ്യോമസേന തകർത്തിട്ടുണ്ടെന്നും എല്ലാ ഭീഷണികളെയും നേരിടാൻ രാജ്യം സജ്ജമാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിലവിൽ ഖർജിലെ അപകടസാഹചര്യം ഒഴിഞ്ഞതായും അധികൃതർ പിന്നീട് അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

