അൽ ഖർജിന് നേരെ തൊടുത്ത ബാലിസ്റ്റിക് മിസൈൽ സൗദി പ്രതിരോധ സേന തകർത്തു
text_fieldsറിയാദ്: സൗദി തലസ്ഥാന നഗരത്തിനോട് ചേർന്നുള്ള അൽ ഖർജ് മേഖല ലക്ഷ്യമിട്ടെത്തിയ ശത്രുപക്ഷത്തിെൻറ ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സേന വിജയകരമായി തകർത്തു. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കിയാണ് ഈ നിർണായക വിവരം പുറത്തുവിട്ടത്.
അൽ ഖർജ് ലക്ഷ്യമാക്കി കുതിച്ചെത്തിയ മിസൈലിനെ ആകാശത്തുവെച്ച് തന്നെ തകർക്കാൻ വ്യോമപ്രതിരോധ സേനയ്ക്ക് സാധിച്ചു. തകർക്കപ്പെട്ട മിസൈലിെൻറ അവശിഷ്ടങ്ങൾ പ്രിൻസ് സുൽത്താൻ എയർ ബേസ് പരിസരത്ത് പതിച്ചെങ്കിലും, ജനങ്ങൾക്കോ സ്വത്തുക്കൾക്കോ യാതൊരുവിധ നാശനഷ്ടങ്ങളും സംഭവിച്ചിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഇതോടൊപ്പം കിഴക്കൻ മേഖലയിൽ എത്തിയ ആറ് ഡ്രോണുകളും സൈന്യം തകർത്തിട്ടുണ്ട്.
മിസൈൽ ഭീഷണിയെത്തുടർന്ന് സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് അൽ ഖർജ് നിവാസികൾക്ക് 'നാഷണൽ പ്ലാറ്റ്‌ഫോം ഫോർ എമർജൻസി വാണിംഗ്' വഴി അടിയന്തര മുന്നറിയിപ്പ് നൽകി. താമസക്കാർ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിലേക്ക് മാറണമെന്നും, ജനാലകൾ, ബാൽക്കണികൾ, ടെറസുകൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കണമെന്നും നിർദ്ദേശമുണ്ടായിരുന്നു. സാഹചര്യം വിലയിരുത്തി അപകടസാധ്യത ഒഴിഞ്ഞതായി പ്രഖ്യാപിക്കുന്നത് വരെ ജാഗ്രത തുടരാൻ അധികൃതർ ആവശ്യപ്പെട്ടു.
സൗദി അറേബ്യയുടെ ആകാശസീമ സംരക്ഷിക്കുന്നതിൽ വ്യോമസേനയും പ്രതിരോധ സേനയും വലിയ മുന്നേറ്റമാണ് നടത്തുന്നത്. ഇതുവരെ 30 ബാലിസ്റ്റിക് മിസൈലുകളും, ഏഴ് ക്രൂയിസ് മിസൈലുകളും, ഏകദേശം 400 ഓളം ഡ്രോണുകളും തകർക്കാൻ സൈന്യത്തിന് സാധിച്ചുവെന്ന് മന്ത്രാലയത്തിെൻറ കണക്കുകൾ വ്യക്തമാക്കുന്നു. റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലെ തന്ത്രപ്രധാനമായ ഊർജ്ജ നിലയങ്ങളെ ലക്ഷ്യം വെച്ചുള്ള ഇറാനിയൻ പ്രകോപനങ്ങളെല്ലാം സൈന്യം പരാജയപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

