സൗദി ഡാക്കർ റാലി 2026ന് തുടക്കം; ആദ്യഘട്ടത്തിൽ സ്വീഡിഷ് താരം മാറ്റിയാസ് എക്‌സ്‌ട്രോം മുന്നിൽ
text_fieldsസൗദി ഡാക്കർ റാലി 2026
യാംബു: ലോകത്തിലെ ഏറ്റവും കടുപ്പമേറിയ മോട്ടോർ സ്പോർട്സ് മാമാങ്കമായ ഡാക്കർ റാലി 2026-ന് സൗദി അറേബ്യയിലെ യാംബു ചെങ്കടൽ തീരത്ത് ആവേശകരമായ തുടക്കം. ആദ്യഘട്ടത്തിൽ ഫോർഡ് റേസിങ് ടീമിന് വേണ്ടി ട്രാക്കിലിറങ്ങിയ സ്വീഡിഷ് റൈഡർ മാറ്റിയാസ് എക്‌സ്‌ട്രോം കാർ വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടി. 10 മിനിറ്റ്, 48 സെക്കൻറ് കൊണ്ട് 22 കിലോമീറ്റർ സ്പെഷൽ സ്റ്റേജ് ഉൾപ്പെടെ 95 കിലോമീറ്റർ യാംബു മരുഭൂമി താണ്ടി കാർ വിഭാഗത്തിലാണ് മികവ് നേടിയത്.
അമേരിക്കൻ മിച്ച് ഗുത്രി ജൂനിയറിനേക്കാൾ എട്ട് സെക്കൻറ് മുന്നിലാണ് അദ്ദേഹം ഫിനിഷ് ചെയ്തത്. ബെൽജിയൻ ഗില്ലൂം ഡി മെവിയസ് മൂന്നാം സ്ഥാനത്തെത്തി. ഏഴ് വിഭാഗങ്ങളിലായി 787 ഡ്രൈവർമാരും നൂറോളം നാവിഗേറ്റർമാരുമാണ് മത്സരിക്കുന്നത്. സ്റ്റോക്ക് കാർ വിഭാഗത്തിൽ ഡിഫൻഡർ റാലി ടീം ആധിപത്യം ഉറപ്പിച്ചു. അമേരിക്കയുടെ സാറാ പ്രൈസ് (12 മിനിറ്റ് മൂന്ന് സെക്കൻറ്) ഒന്നാമതെത്തിയപ്പോൾ, ഫ്രഞ്ച് ഇതിഹാസം സ്റ്റെഫാൻ പീറ്റർഹാൻസൽ രണ്ടാം സ്ഥാനവും ലിത്വാനിയയുടെ റോകാസ് പാസിയുസ്ക മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
മോട്ടോർ സൈക്കിൾ വിഭാഗത്തിൽ സ്പാനിഷ് താരം എഡ്ഗർ കാനറ്റ് ഒന്നാമനായി. ഓസ്‌ട്രേലിയൻ റൈഡർ ഡാനിയേൽ സാൻഡേഴ്‌സിനേക്കാൾ മൂന്ന് സെക്കൻറ് മുന്നിലാണ് കാനറ്റ് ഫിനിഷ് ചെയ്തത്. അമേരിക്കയുടെ റിക്കി ബ്രെയ്ക്ക് മൂന്നാം സ്ഥാനം നേടി. ചലഞ്ചർ വിഭാഗത്തിൽ ഡച്ച് താരം പോൾ സ്പിയറിങ്‌സ് ഒന്നാമതെത്തി. ഈ വിഭാഗത്തിൽ സൗദി താരം ഡാനിയ അഖീൽ മൂന്നാം സ്ഥാനം നേടി രാജ്യത്തിന്റെ അഭിമാനമായി.
ട്രക്ക് വിഭാഗത്തിൽ ഡച്ച് താരം മിച്ചൽ വാൻ ഡെൻ ബ്രിങ്ക് (13 മിനിറ്റ് അഞ്ച് സെക്കൻറ്) ഒന്നാമതെത്തി. ശനിയാഴ്ച വൈകുന്നേരം വർണാഭമായ ചടങ്ങുകളോടെയാണ് റാലിക്ക് തുടക്കമായത്. വാഹനങ്ങളുടെ സന്നദ്ധത പരിശോധിക്കുന്നതിനും വരാനിരിക്കുന്ന പ്രധാന ഘട്ടങ്ങളിലെ സ്റ്റാർട്ടിങ് ഓർഡർ നിശ്ചയിക്കുന്നതിനുമായാണ് പ്രാഥമിക ഘട്ടം നടത്തിയത്.
സൗദി കായിക മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ സൗദി മോട്ടോർ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ഡാക്കർ റാലിക്ക് തുടർച്ചയായ ഏഴാം വർഷമാണ് രാജ്യം ആതിഥേയത്വം വഹിക്കുന്നത്. കാറുകൾ, മോട്ടോർ സൈക്കിളുകൾ, ട്രക്കുകൾ തുടങ്ങി ഏഴ് വിഭാഗങ്ങളിലായി നൂറുകണക്കിന് വാഹനങ്ങളാണ് ഇത്തവണ മരുഭൂമിയിലെ കരുത്ത് പരീക്ഷിക്കാനിറങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

