സൗദി ഡാക്കർ റാലി ആറാം ഘട്ടം
text_fieldsസൗദി ഡാക്കർ റാലി ആറാം ഘട്ടത്തിന്റെ കാഴ്ചകൾ
സുനിൽ ബാബു എടവണ്ണ
യാംബു: സൗദിയിൽ തുടരുന്ന ഡാക്കർ റാലി 2026 വാഹനയോട്ട മത്സരം ആറാം ഘട്ടം ഹാഇലിൽനിന്ന് ആരംഭിച്ച് റിയാദിൽ അവസാനിച്ചപ്പോൾ ഖത്തർ പൗരൻ നാസർ അൽ അത്തിയ ഒന്നാം സ്ഥാനത്ത്. 55 കാരനായ ഇദ്ദേഹം തുടർച്ചയായി 19 ഡാക്കറുകൾ പൂർത്തിയാക്കിയിട്ടുണ്ട്. എല്ലാ തവണയും കുറഞ്ഞത് ഒരു സ്റ്റേജ് വിജയമെങ്കിലും നേടിയാണ് മികവ് പുലർത്തിയത്. 326 കിലോമീറ്റർ സമയപരിധിയുള്ള സ്റ്റേജിനേക്കാൾ ആറ് മിനിറ്റും 10 സെക്കൻഡും മുൻതൂക്കത്തിലാണ് ഓവറോൾ സ്റ്റാൻഡിൽ അദ്ദേഹം വിജയക്കൊടി പാറിച്ചത്. 915 കിലോമീറ്ററാണ് ആകെ സഞ്ചരിച്ച ദൂരം. അതിൽ 326 കിലോമീറ്റർ പ്രത്യേക സമയബന്ധിത ഘട്ടങ്ങളായിരുന്നു.
ഡാസിയ സാൻഡ് റൈഡേഴ്സ് ടീമിനുവേണ്ടി വാഹനമോടിച്ച നാസർ അൽ അത്തിയ കാർ വിഭാഗത്തിലെ ഏറ്റവും വേഗയേറിയ താരമായി. മൂന്ന് മണിക്കൂർ 38 മിനിറ്റ് 28 സെക്കൻഡിലാണ് ഘട്ടം പൂർത്തിയാക്കിയത്.
ഫ്രഞ്ച് താരം സെബാസ്റ്റ്യൻ ലോബിനെക്കാൾ രണ്ട് മിനിറ്റും 58 സെക്കൻഡും മുന്നിലാണ് അദ്ദേഹം ഫിനിഷ് ചെയ്തത്. ടൊയോട്ട ഗാസൂ ഓടിക്കുന്ന അമേരിക്കൻ താരം സേത്ത് ക്വിന്റേറോ മൂന്ന് മിനിറ്റും 19 സെക്കൻഡും പിന്നിലായി മൂന്നാം സ്ഥാനത്തെത്തി.
കാർ വിഭാഗത്തിലെ മൊത്തത്തിലുള്ള റാങ്കിങ്ങിൽ, അൽ അത്തിയ 24 മണിക്കൂർ 18 മിനിറ്റ് 29 സെക്കൻഡ് സമയം കൊണ്ട് ഒന്നാം സ്ഥാനം നേടി. ദക്ഷിണാഫ്രിക്കൻ താരം ഹെങ്ക് ലാറ്റിഗൻ ആറ് മിനിറ്റും 10 സെക്കൻഡും പിന്നിലായി രണ്ടാമതുണ്ട്. ഫോഡ് റേസിങ്ങിനായി വാഹനമോടിച്ച സ്പാനിഷ് താരം നാനി റോമ മൂന്നാം സ്ഥാനത്തെത്തി, ഒമ്പത് മിനിറ്റും 13 സെക്കൻഡും പിന്നിലായാണ് നേട്ടം.
ഡാക്കർ റാലിയുടെ ഏഴാം ഘട്ടം ഞായറാഴ്ച റിയാദിൽ ആരംഭിച്ച് വാദി ദവാസിറിൽ അവസാനിക്കും. 462 കിലോമീറ്റർ പ്രത്യേക സമയബന്ധിത ഘട്ടം ഉൾപ്പെടെ മൊത്തം 876 കിലോമീറ്റർ ദൂരം പിന്നിടും. യാംബു ചെങ്കടൽ തീരത്തുനിന്ന് ജനുവരി മൂന്നിന് തുടക്കം കുറിച്ച റാലിയുടെ 48ാമത് പതിപ്പ് ജനുവരി 17ന് യാംബുവിൽ തന്നെ സമാപിക്കും. 69 രാജ്യങ്ങളിൽനിന്നുള്ള 812 മത്സരാർഥികളാണ് പങ്കെടുക്കുന്നത്. ആറ് വിഭാഗങ്ങളിലായി 433-ലധികം വാഹനങ്ങളിലാണ് ഇവർ മത്സരിക്കുന്നത്.
ആകെ 7,994 കിലോമീറ്ററാണ് റാലി. 4,840 കിലോമീറ്റർ സമയബന്ധിതമായ പ്രത്യേക സ്റ്റേജുകളായിരിക്കും. അൽഉലാ, ഹാഇൽ, റിയാദ്, വാദി ദവാസിർ, ബിഷ, അൽ ഹനാകിയ തുടങ്ങിയ വൈവിധ്യമാർന്ന ഭൂപ്രകൃതിയുള്ള പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഡാക്കർ റാലി ഇതിനകം സൗദിയിലെ റേസിങ് കമ്പക്കാരുടെ ഹരമായി മാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

