ബത്ഹ ചെക്ക്പോസ്റ്റിൽ വൻ ലഹരി വേട്ട; രണ്ട് ട്രക്കുകളിൽനിന്ന് പിടികൂടിയത് എട്ട് ലക്ഷം മയക്കുഗുളികകൾ
text_fieldsബത്ഹ ചെക്ക് പോസ്റ്റിൽ ട്രക്കിൽ പരിശോധന നടത്തുന്ന കസ്റ്റംസ് അധികൃതർ
റിയാദ്: സൗദി-യു.എ.ഇ അതിർത്തിയിലെ ബത്ഹ ചെക്ക്പോസ്റ്റിൽ വൻ ലഹരി വേട്ട. രാജ്യത്തേക്ക് കടക്കാനെത്തിയ രണ്ട് ട്രക്കുകളിൽനിന്ന് നിരോധിത ലഹരി മരുന്നായ എട്ട് ലക്ഷം കാപ്റ്റഗൺ ഗുളികകൾ പിടികൂടി. ഒരു ട്രക്കിന്റെ പിന്നിലെ ബോഡിയിൽ ലോഹ പാളിക്കുള്ളിലും മറ്റേ ട്രക്കിെൻറ ടയറുകൾ ഉൾപ്പടെയുള്ള ഭാഗങ്ങളിലും ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകൾ. സംശയം തോന്നി വാഹനങ്ങൾ നിർത്തിച്ച് വിശദപരിശോധന നടത്തുകയായിരുന്നു. ഒരു ട്രക്കിന്റെ പിൻവശത്തെ ബോഡിയുടെ ലോഹ പളി മുറിച്ചാണ് ഗുളികകൾ കണ്ടെത്തിയത്. രണ്ടാമത്തെ ട്രക്കിന്റെ ടയറുകൾക്കുള്ളിലും ബോഡിയുടെ വിവിധഭാഗങ്ങളിലും ഒളിപ്പിച്ച ഗുളികകൾ സൂക്ഷ്മ പരിശോധയിലാണ് കണ്ടെത്തിയത്.

സൗദി കസ്റ്റംസ് അതോറിറ്റിയുടെ നിതാന്ത ജാഗ്രതയാണ് ഇത്രയും വിദഗ്ധമായി ഒളിപ്പിച്ചുള്ള മയക്കുമരുന്ന് കടത്ത് കണ്ടെത്താനും പരാജയപ്പെടുത്താനും സഹായിച്ചത്. രാജ്യത്തിെൻറ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണം കർശനമാക്കുന്നത് തുടരുമെന്നും കള്ളക്കടത്തുകാരുടെ ശ്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. ഇത്തരം മയക്കുമരുന്നുകളും മറ്റ് നിരോധിത വസ്തുക്കളും കടത്താനുള്ള ശ്രമങ്ങൾ തടയുന്നതിലൂടെ സമൂഹത്തിെൻറ സുരക്ഷയും സംരക്ഷണവും വർദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇത്തരം ശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അതോററ്റിയെ അറിയിക്കാൻ പൊതുജനങ്ങളോട് അഭ്യർഥിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

