ഫലസ്തീൻ വിഷയത്തിലുള്ള യു.എൻ ഉന്നതതല സമ്മേളനത്തിൽ സൗദി കിരീടാവകാശി പങ്കെടുക്കും
text_fieldsഅമീർ മുഹമ്മദ് ബിൻ സൽമാൻ
റിയാദ്: ഫലസ്തീൻ വിഷയത്തിലും ദ്വിരാഷ്ട്ര പരിഹാരത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് തിങ്കളാഴ്ച ന്യൂയോർക്കിൽ നടക്കുന്ന യു.എൻ ഉന്നതതല സമ്മേളനത്തിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ പങ്കെടുക്കും. വിഡിയോ കോൺഫറൻസ് വഴിയോ മുൻകൂട്ടി റെക്കോഡ് ചെയ്ത സന്ദേശത്തിലൂടെയോ അദ്ദേഹം സമ്മേളനത്തിൽ പങ്കെടുത്തേക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചു.
ഈ സമ്മേളനത്തിൽ കിരീടാവകാശി പങ്കെടുക്കുന്നതിന് അനുമതി നൽകുന്ന കരട് പ്രമേയം യു.എൻ പൊതുസഭ ഏകകണ്ഠമായി അംഗീകരിച്ചു. യു.എൻ പൊതുസഭയുടെ ഉന്നതതല വാരത്തോടനുബന്ധിച്ച് സൗദി അറേബ്യയും ഫ്രാൻസും ചേർന്നാണ് ഈ പരിപാടിക്ക് സഹ അധ്യക്ഷത വഹിക്കുന്നത്.
ഈ സമ്മേളനം രാഷ്ട്രത്തലവന്മാരെയും സർക്കാർ പ്രതിനിധികളെയും ഒരുമിച്ച് കൊണ്ടുവന്ന്, ദ്വിരാഷ്ട്ര പരിഹാരത്തിന് മുന്നേറ്റമുണ്ടാക്കാനും അന്താരാഷ്ട്ര പിന്തുണ ഏകീകരിക്കാനും ലക്ഷ്യമിടുന്നു. സമാധാനത്തിനായുള്ള അന്താരാഷ്ട്ര അംഗീകാരമുള്ള ഏക ചട്ടക്കൂടായി ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ അംഗരാജ്യങ്ങൾ സൗദി-ഫ്രഞ്ച് സംയുക്ത ശ്രമങ്ങൾക്ക് പിന്തുണ നൽകി.
ഭൂമി പിടിച്ചെടുക്കുന്നതിനെയും നിർബന്ധിത പലായനത്തെയും തള്ളിക്കളയുക, ഫലസ്തീൻ സർക്കാറിനും യു.എൻ.ആർ.ഡബ്ല്യു.എയ്ക്കും പിന്തുണ നൽകുക, സമാധാന പ്രക്രിയയ്ക്കുള്ള നയതന്ത്രപരമായ നീക്കങ്ങൾ സംരക്ഷിക്കുക തുടങ്ങിയവയാണ് സമ്മേളനത്തിലെ പ്രധാന വിഷയങ്ങൾ.
ഇത്തരം നിർണ്ണായകമായ ഒരു സമ്മേളനം വിളിച്ചുചേർക്കുന്നതിൽ സൗദി അറേബ്യ വഹിച്ച നേതൃത്വപരമായ പങ്ക് ലോകരാജ്യങ്ങൾ അഭിനന്ദിച്ചു. ഫലസ്തീൻ പ്രതിനിധികൾക്ക് യു.എൻ പൊതുസഭയിലെ സംവാദത്തിൽ മുൻകൂട്ടി റെക്കോർഡ് ചെയ്ത വീഡിയോയിലൂടെ പ്രസംഗിക്കാൻ അനുമതി നൽകുന്ന പ്രമേയം പൊതുസഭ അംഗീകരിച്ചു.
ഈ പ്രമേയത്തിന് 145 രാജ്യങ്ങൾ അനുകൂലമായി വോട്ട് ചെയ്തപ്പോൾ, അഞ്ച് രാജ്യങ്ങൾ എതിർക്കുകയും ആറ് രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. ഫലസ്തീൻ പ്രതിനിധികൾക്ക് യു.എസിലേക്ക് വിസ നൽകാൻ വിസമ്മതിക്കുകയും നേരത്തെ നൽകിയ വിസകൾ റദ്ദാക്കുകയും ചെയ്ത യു.എസ് നിലപാടിൽ പ്രമേയം ഖേദം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

