സൗദിയുടെ ആഭ്യന്തര, വിദേശനയങ്ങളുടെ പ്രഖ്യാപനം; സൗദി കിരീടാവകാശി ബുധനാഴ്ച്ച ശൂറ കൗൺസിലിനെ അഭിസംബോധനചെയ്യും
text_fieldsഅമീർ മുഹമ്മദ് ബിൻ സൽമാൻ
ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവിനുവേണ്ടി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ശൂറ കൗൺസിലിന്റെ ഒമ്പതാം സെഷന്റെ രണ്ടാംവർഷം പ്രഖ്യാപിച്ചുകൊണ്ട് ബുധനാഴ്ച വാർഷിക പ്രസംഗം നടത്തും. ഈ പ്രസംഗത്തിൽ സൗദി അറേബ്യയുടെ ആഭ്യന്തര, വിദേശ നയങ്ങളിലെ മുൻഗണനകളെക്കുറിച്ച് അദ്ദേഹം വിശദമാക്കുമെന്ന് ശൂറ കൗൺസിൽ സ്പീക്കർ ശൈഖ് അബ്ദുല്ല അൽ ശൈഖ് അറിയിച്ചു.
ഈ പ്രസംഗം രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനുമുള്ള സൗദി നേതൃത്വത്തിന്റെ പ്രതിബദ്ധതയെയാണ് പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ ശൂറാ കൗൺസിലിന്റെ നിയമനിർമ്മാണപരവും മേൽനോട്ടപരവുമായ റോളുകളെ പിന്തുണയ്ക്കുന്ന വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ രാജകീയ പ്രസംഗം നൽകുമെന്നും അൽ ശൈഖ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം, ഒമ്പതാം സെഷന്റെ ആദ്യ ഘട്ടത്തിൽ ശൂറാ കൗൺസിൽ 41 സെഷനുകളിലായി 462 സുപ്രധാന തീരുമാനങ്ങൾ എടുത്തു. രാജ്യത്തിന്റെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രത്യേക സമിതികൾ 315 യോഗങ്ങൾ ചേർന്നു. ഈ യോഗങ്ങളിൽ 248 ഉദ്യോഗസ്ഥരുമായി സംവദിക്കുകയും സർക്കാർ ഏജൻസികളുടെ റിപ്പോർട്ടുകൾ അവലോകനം ചെയ്യുകയും ചെയ്തു.
146 പ്രാദേശികവും അന്താരാഷ്ട്രീയവുമായ പരിപാടികളിലൂടെ പാർലമെന്ററി ബന്ധങ്ങൾ ശക്തിപ്പെടുത്താനും അറിവ് കൈമാറ്റം ചെയ്യാനും കൗൺസിൽ ശ്രമിച്ചു. സാമ്പത്തിക വൈവിധ്യവൽക്കരണം, സാങ്കേതിക മുന്നേറ്റം, വലിയ ദേശീയ പദ്ധതികൾ, മാനവശേഷി വികസനം എന്നിവയിൽ സൗദി അറേബ്യ കൈവരിച്ച ദ്രുതഗതിയിലുള്ള വികസനം, സന്തുലിതമായതും ഫലപ്രദവുമായ വിദേശ നയങ്ങളുമായി ചേർന്നാണ് മുന്നോട്ട് പോകുന്നതെന്ന് അൽ ശൈഖ് പറഞ്ഞു.
സൗദിയുടെ ആഗോള സാന്നിധ്യം വർധിപ്പിക്കാനും പ്രാദേശികവും അന്താരാഷ്ട്രീയവുമായ സമാധാനത്തിനും വികസനത്തിനും വേണ്ടി പ്രവർത്തിക്കാനും ഈ നയങ്ങൾ സഹായിക്കുന്നുണ്ട്. ഈ നേട്ടങ്ങളെല്ലാം രാജ്യത്തിന്റെ നേതൃത്വത്തിന്റെ തുടർ പിന്തുണയുടെ പ്രതിഫലനമാണ്.
വരാനിരിക്കുന്ന പ്രസംഗത്തിലെ രാജകീയ നിർദ്ദേശങ്ങൾക്കനുസരിച്ച് അടുത്ത ഘട്ടത്തിൽ ശൂറാ കൗൺസിലിന്റെ പങ്ക് വർധിപ്പിക്കാൻ ഇത് ശക്തമായ അടിത്തറ നൽകും.കിരീടാവകാശിയുടെ പ്രസംഗം രാജ്യം മുഴുവൻ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു സുപ്രധാന ദേശീയ പരിപാടിയാണെന്നും അൽ ശൈഖ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

