നോബൽ ജേതാവ് പ്രഫ. ഉമർ യാഗിയെ സ്വീകരിച്ച് സൗദി കിരീടാവകാശി
text_fieldsരസതന്ത്രത്തിനുള്ള നോബൽ സമ്മാന ജേതാവായ പ്രഫ. ഉമർ യാഗിയെ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ സ്വീകരിച്ചപ്പോൾ
റിയാദ്: 2025ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം കരസ്ഥമാക്കിയ പ്രമുഖ സൗദി ശാസ്ത്രജ്ഞൻ പ്രഫസർ ഉമർ യാഗിയെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ സ്വീകരിച്ചു. റിയാദിലെ അൽ യമാമ കൊട്ടാരത്തിൽ നടന്ന ചടങ്ങിലായിരുന്നു സ്വീകരണം. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ ഈ നേട്ടം കൈവരിച്ച പ്രഫസർ യാഗിയെ കിരീടാവകാശി അഭിനന്ദിച്ചു. ശാസ്ത്രലോകത്തിന്, പ്രത്യേകിച്ച് രസതന്ത്ര മേഖലയ്ക്ക് അദ്ദേഹം നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളെ സൗദി ഭരണകൂടം ആദരിക്കുന്നതായും വരുംകാല പ്രവർത്തനങ്ങളിൽ കൂടുതൽ വിജയങ്ങൾ ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
നോബൽ സമ്മാനം നേടുന്ന ആദ്യത്തെ സൗദി പൗരനാണ് പ്രഫസർ ഉമർ യാഗി. ‘റെറ്റിക്യുലാർ കെമിസ്ട്രി’ എന്ന ശാസ്ത്രശാഖയുടെ പിതാവായി അദ്ദേഹം അറിയപ്പെടുന്നു. ഊർജ സംരക്ഷണം, പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകൾ, ജലശുദ്ധീകരണം, കാർബൺ ക്യാപ്‌ചർ എന്നീ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ സഹായിക്കുന്നു.
തനിക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് പ്രഫസർ യാഗി കിരീടാവകാശിയോട് നന്ദി അറിയിച്ചു. രാജ്യത്ത് ഗവേഷണം, വികസനം, നവീകരണം എന്നിവയ്ക്ക് നൽകിവരുന്ന വർദ്ധിച്ചുവരുന്ന പിന്തുണയുടെ തെളിവാണ് ഈ അംഗീകാരമെന്ന് അദ്ദേഹം പറഞ്ഞു. വിഷൻ 2030-ന്റെ ഭാഗമായി ശാസ്ത്ര-സാങ്കേതിക മേഖലകളിൽ സൗദി അറേബ്യ കൈവരിച്ചുകൊണ്ടിരിക്കുന്ന മുന്നേറ്റത്തിന്റെ അടയാളമായിട്ടാണ് ഈ കൂടിക്കാഴ്ചയെ നിരീക്ഷകർ വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

