സൗദി കിരീടാവകാശി ഹിലരി ക്ലിൻറണുമായി കൂടിക്കാഴ്ച നടത്തി
text_fieldsസൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ, മുൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിൻറണുമായി റിയാദിലെ അൽ-യമാമ കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ
റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ, മുൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിൻറണുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച റിയാദിലെ അൽ-യമാമ കൊട്ടാരത്തിലുള്ള തന്റെ ഓഫിസിൽ വെച്ചായിരുന്നു അദ്ദേഹം ഹിലരിയെ സ്വീകരിച്ചത്. റിയാദിൽ നടന്ന അഞ്ചാമത് ‘റിയൽ എസ്റ്റേറ്റ് ഫ്യൂച്ചർ ഫോറത്തിൽ’ മുഖ്യപ്രഭാഷകയായി പങ്കെടുക്കാനാണ് ഹിലരി ക്ലിൻറൺ സൗദി അറേബ്യയിലെത്തിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച മുതൽ ബുധനാഴ്ച വരെയാണ് ഈ അന്താരാഷ്ട്ര ഫോറം നടന്നത്.
‘വികസിക്കുന്ന ചക്രവാളങ്ങൾ, അഭിവൃദ്ധി പ്രാപിക്കുന്ന റിയൽ എസ്റ്റേറ്റ്’ എന്ന പ്രമേയത്തിൽ നടന്ന ചടങ്ങിൽ ആഗോള വികസനത്തെക്കുറിച്ചും സുസ്ഥിരമായ പുരോഗതിയെക്കുറിച്ചും ഹിലരി പ്രഭാഷണം നടത്തി. അൽ-യമാമ കൊട്ടാരത്തിൽ നടന്ന ഔദ്യോഗിക കൂടിക്കാഴ്ചയിൽ കിരീടാവകാശിയും ഹിലരി ക്ലിൻറണും സൗഹൃദപരമായ സംഭാഷണങ്ങളിൽ ഏർപ്പെട്ടു. ആഗോള രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തികളുമായി സൗദി അറേബ്യ നടത്തുന്ന നിരന്തരമായ ആശയവിനിമയത്തിന്റെ ഭാഗമായിരുന്നു ഈ കൂടിക്കാഴ്ച.
സൗദി-അമേരിക്കൻ നയതന്ത്ര ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു ഇരുവരും തമ്മിലുള്ള സംഭാഷണങ്ങൾ. ആഗോള തലത്തിലെ പുതിയ വെല്ലുവിളികൾ, സൗദി അറേബ്യയുടെ ‘വിഷൻ 2030’ പദ്ധതിയിലൂടെയുള്ള മാറ്റങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചകളിൽ പരാമർശിക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ. മുൻ യു.എസ് പ്രസിഡൻറ് ബിൽ ക്ലിൻറണും കഴിഞ്ഞ വർഷം ഇതേ ഫോറത്തിൽ പങ്കെടുക്കാൻ റിയാദിലെത്തിയിരുന്നത് ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

