അൽ അഹ്ലി ക്ലബിനെ സൗദി കിരീടാവകാശി അഭിനന്ദിച്ചു
text_fieldsഎ.എഫ്.സി ചാമ്പ്യൻസ് ലീഗ് എലൈറ്റ് ജേതാക്കളായ അൽ അഹ്ലി ക്ലബിനെ സൗദി കിരീടാവകാശി അനുമോദിച്ചപ്പോൾ
റിയാദ്: 2025 ഏഷ്യൻ എലൈറ്റ് ചാമ്പ്യൻസ് ലീഗ് ചരിത്ര വിജയത്തിൽ അൽ അഹ്ലി ക്ലബിനെ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ അഭിനന്ദിച്ചു. ഇതോടനുബന്ധിച്ച് കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ, സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ് യാസർ അൽ മിസ്ഹൽ, അൽ അഹ്ലി ക്ലബ് കമ്പനിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഖാലിദ് അൽ ഈസ, സാങ്കേതികവും ഭരണപരവുമായ സ്റ്റാഫ് അംഗങ്ങൾ, അൽ അഹ്ലി കളിക്കാർ എന്നിവരെ കിരീടാവകാശി സ്വീകരിച്ചു.
ഈ മഹത്തായ ദേശീയ നേട്ടം കൈവരിക്കുന്നതിനും കായിക മേഖല സാക്ഷ്യം വഹിക്കുന്ന വികസനത്തിന്റെ വ്യാപ്തിയെ പ്രതിഫലിപ്പിക്കുന്ന വിശിഷ്ട സാങ്കേതിക തലങ്ങൾ നേടുന്നതിലും നടത്തിയ ശ്രമങ്ങൾക്ക് അൽ അഹ്ലി ക്ലബ്ബിന്റെ ഉദ്യോഗസ്ഥരെയും കളിക്കാരെയും കിരീടാവകാശി അഭിനന്ദിച്ചു. എല്ലാ അന്താരാഷ്ട്ര വേദികളിലും സൗദിയുടെ നാമം ഉന്നതിയിൽ ഉയർത്താൻ കൂടുതൽ പരിശ്രമങ്ങൾ നടത്തേണ്ട ആവശ്യകത കിരീടാവകാശി സൂചിപ്പിച്ചു.
ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ജപ്പാന്റെ കാവസാക്കി ഫ്രണ്ടേലിനെ ഏകപക്ഷീയമായ രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് സൗദിയുടെ അൽ അഹ്ലി 2025 എ.എഫ്.സി എലൈറ്റ് ചാമ്പ്യൻസ് ലീഗ് ആദ്യമായി നേടി ചരിത്രം സൃഷ്ടിച്ചത്. അൽ അഹ്ലിയുടെ ഭൂഖണ്ഡാന്തര വിജയം ക്ലബ്ബിന്റെ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്, കൂടാതെ ‘വിഷൻ 2030’െൻറ ഭാഗമായി സൗദി കായിക-സാംസ്കാരിക മേഖലകളിൽ തുടർച്ചയായ നിക്ഷേപം നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് 2025 എ.എഫ്.സി എലൈറ്റ് ചാമ്പ്യൻസ് ലീഗിൽ അൽ അഹ്ലിയുടെ വിജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

