സൗദി കിരീടാവകാശിയുടെ ഫ്രഞ്ച് സന്ദർശനത്തിന് തുടക്കം; ഇത് ചരിത്രപരമായ നാഴികക്കല്ലെന്ന് ഇമ്മാനുവൽ മാക്രോൺ
text_fieldsപാരീസിലെത്തിയ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
പാരീസ്/റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാെൻറ ഫ്രാൻസ് സന്ദർശനത്തിന് ഊഷ്മളമായ തുടക്കമായി. സന്ദർശനത്തിെൻറ ഭാഗമായി പാരീസിലെ എലിസി കൊട്ടാരത്തിലെത്തിയ കിരീടാവകാശിയെ ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ നേരിട്ട് സ്വീകരിക്കുകയും സൗഹൃദ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ഇന്ന് നടക്കുന്ന നിർണായകമായ ഔദ്യോഗിക സൗദി-ഫ്രഞ്ച് ഉച്ചകോടിക്ക് മുന്നോടിയായാണ് ഈ കൂടിക്കാഴ്ച നടന്നത്. ഉച്ചകോടിയുടെ മുന്നോടിയായി നടന്ന ചർച്ചകളുടെ ചിത്രങ്ങൾ സൗദി കിരീടാവകാശിയുടെ ഓഫീസ് ഡയറക്ടർ ബദർ അൽ അസാകർ ‘എക്സ്’ അക്കൗണ്ടിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
സൗദി കിരീടാവകാശിയുടെ ഈ സന്ദർശനം റിയാദും പാരീസും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ ചരിത്രപരമായ നിർണായക നാഴികക്കല്ലാണെന്ന് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കുകയുണ്ടായി. പശ്ചിമേഷ്യൻ മേഖല നേരിടുന്ന സങ്കീർണമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും സമാധാനവും സ്ഥിരതയും സുരക്ഷയും ഉറപ്പാക്കുന്നതിനും ഇരു രാജ്യങ്ങൾക്കും ഏകീകൃത കാഴ്ചപ്പാടാണുള്ളത്. ഈ ദിശയിലുള്ള രാഷ്ട്രീയ ഏകോപനവും പരസ്പര കൂടിയാലോചനകളും വരും ദിവസങ്ങളിലും കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് അദ്ദേഹം തെൻറ ‘എക്സ്’ അക്കൗണ്ടിലൂടെ കുറിച്ചു.
രാഷ്ട്രീയ മേഖലക്ക് പുറമെ വൻകിട പദ്ധതികൾ, നൂതന സാങ്കേതികവിദ്യ, നിക്ഷേപം തുടങ്ങി നിരവധി സുപ്രധാന രംഗങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തമാണ്. അന്താരാഷ്ട്ര തലത്തിലുള്ള എക്‌സ്‌പോ പ്രദർശനം ഉൾപ്പെടെയുള്ള പ്രമുഖ പരിപാടികളുടെ സംഘാടനത്തിലും ആതിഥേയത്വത്തിലും സൗദിയും ഫ്രാൻസും പരസ്പര സഹകരണത്തോടെ കൈവരിച്ച നേട്ടങ്ങൾ ഇതിന് തെളിവാണ്.
നിലവിലുള്ള ഈ മികച്ച ഉഭയകക്ഷി സഹകരണത്തിന് അപ്പുറത്തേക്ക് ബന്ധം കൂടുതൽ വിപുലമാക്കാൻ ഈ സന്ദർശനത്തിലൂടെ സാധിക്കുമെന്ന വലിയ പ്രതീക്ഷയും ഫ്രഞ്ച് പ്രസിഡൻറ് പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

