സൗദി കിരീടാവകാശിയും ഈജിപ്ത് പ്രസിഡന്റും കൂടിക്കാഴ്ച നടത്തി
text_fields1. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിയെ നിയോം ബേ വിമാനത്താവളത്തിൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ സ്വീകരിക്കുന്നു
നിയോം: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിയും തമ്മിൽ സൗദി നഗരമായ നിയോമിൽ കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച നിയോം ബേ വിമാനത്താവളത്തിലെത്തിയ അബ്ദുൽ ഫത്താഹ് അൽസീസിയെ കിരീടാവകാശി സ്വാഗതം ചെയ്തു. ഗസ്സയിൽ നടന്നുകൊണ്ടിരിക്കുന്ന പുതിയ സംഭവങ്ങളെക്കുറിച്ചും ചെങ്കടൽ സുരക്ഷയെക്കുറിച്ചും മറ്റു സുപ്രധാന വിഷയങ്ങളെക്കുറിച്ചും ഇരുവരും ചർച്ച നടത്തി.
ലബനാൻ, സിറിയ, സുഡാൻ, ലിബിയ, യമൻ എന്നിവിടങ്ങളിലെ സാഹചര്യങ്ങൾ ഉൾപ്പെടെ നിരവധി പ്രാദേശിക വിഷയങ്ങളും ചർച്ചയിൽ ഉൾപ്പെട്ടു. രാഷ്ട്രീയ, സാമ്പത്തിക, വികസന മേഖലകളിൽ ഈജിപ്തും സൗദി അറേബ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്തു.
ഈജിപ്തും സൗദി അറേബ്യയും തമ്മിലുള്ള ആഴമേറിയതും ചരിത്രപരവുമായ ബന്ധങ്ങളെ അൽസീസിയുടെ സന്ദർശനം അടിവരയിടുകയും ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ഇരു നേതൃത്വങ്ങളുടെയും പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. പരസ്പര ആശങ്കയുള്ള പ്രാദേശിക, അന്തർ ദേശീയ വിഷയങ്ങളിൽ ഏകോപനവും കൂടിയാലോചനയും വർധിപ്പിക്കുക എന്നതാണ് ഈജിപ്ത് പ്രസിഡന്റിന്റെ സൗദി സന്ദർശന ലക്ഷ്യം. കഴിഞ്ഞ 22 മാസത്തിനിടെ 62,000ത്തിലധികം ഫലസ്തീനികളെ കൊന്നൊടുക്കിയ ഗസ്സയിലെ ഇസ്രായേൽ ആക്രമണംഅവസാനിപ്പിക്കുന്നതിനായി അറബ്, മുസ്ലിം രാജ്യങ്ങളുടെ പിന്തുണയോടെ ഈജിപ്തും ഖത്തറും ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെടുന്നതിനിടെയാണ് ഈ കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്.
ഫലസ്തീൻ വിഷയത്തിൽ സൗദി സ്വീകരിച്ച ദ്വിരാഷ്ട്ര പരിഹാരത്തിന് ഈജിപ്തിന്റെ പിന്തുണ പ്രസിഡന്റ് അൽസീസി ആവർത്തിച്ചു. ഗസ്സ മുനമ്പിലേക്ക് മാനുഷിക സഹായം തടസ്സമില്ലാതെ വിതരണം ചെയ്യുന്നത് ത്വരിതപ്പെടുത്തേണ്ടതിന്റെയും, ബന്ദികളെ മോചിപ്പിക്കേണ്ടതിന്റെയും അടിയന്തര ആവശ്യകതയെക്കുറിച്ച് ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു. ഫലസ്തീനികളെ അവരുടെ ഭൂമിയിൽ നിന്ന് ബലമായി പുറത്താക്കാനോ ഗസ്സയിൽ ഇസ്രായേൽ സൈനിക അധിനിവേശം വീണ്ടും ഏർപ്പെടുത്താനോ ഉള്ള ഏതൊരു ശ്രമത്തെയും ഇരു നേതാക്കളും നിരാകരിച്ചു. വെസ്റ്റ് ബാങ്കിലെ ഫലസ്തീനികൾക്കെതിരായ ഇസ്രായേലി നടപടികൾ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഇരുവരും ഊന്നിപ്പറഞ്ഞു.
ഗസ്സയിലെ പ്രതിസന്ധി മേഖലയിലുടനീളം പിരിമുറുക്കങ്ങൾക്ക് കാരണമായിട്ടുണ്ട്. ചെങ്കടലിൽ ഉൾപ്പെടെ യമനിലെ ഹൂത്തി സൈന്യം ഇസ്രായേലുമായി ബന്ധപ്പെട്ട കപ്പലുകളെ ലക്ഷ്യം വെച്ചിട്ടുണ്ട്. ഇത് ആഗോള ഷിപ്പിങ്ങിനെ തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ചെങ്കടലിലെ സംഘർഷങ്ങൾ സൂയസ് കനാൽ വരുമാനത്തിൽ 60 ശതമാനം കുറവുണ്ടാക്കിയിട്ടുണ്ട്. ഈജിപ്തിലേക്കുള്ള വിദേശനാണ്യത്തിന്റെ പ്രധാന ഉറവിടമായ സൂയസ് കനാലിൽ ഉണ്ടാവുന്ന പ്രതിസന്ധിയുടെ ഫലമായി കോടിക്കണക്കിന് ഡോളർ രാജ്യത്തിന് നഷ്ടം സംഭവിച്ചുകഴിഞ്ഞു.
ഗസ്സ മുനമ്പിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള സംയുക്ത അറബ്-ഇസ്ലാമിക് ഉച്ചകോടി നിയോഗിച്ച മന്ത്രിതല സമിതിയിൽ ഈജിപ്തും സൗദി അറേബ്യയും ഉൾപ്പെടുന്നു. മേഖലയിൽ പ്രതിസന്ധി ആരംഭിച്ചത് മുതൽ ഇസ്രായേലി ആക്രമണം സ്ഥിരമായി അവസാനിപ്പിക്കണമെന്ന് ഇരുരാജ്യങ്ങളും നിരന്തരം ആവശ്യപ്പെട്ടുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

