സൗദി കിരീടാവകാശിയും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ജിദ്ദയിൽ കൂടിക്കാഴ്ച നടത്തി; പ്രാദേശിക സുരക്ഷയും തന്ത്രപ്രധാന പങ്കാളിത്തവും ചർച്ചയായി
text_fieldsസൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ ജിദ്ദയിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ
ജിദ്ദ: സൗദി അറേബ്യയും ബ്രിട്ടണും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച ജിദ്ദയിലായിരുന്നു ഇരു നേതാക്കളും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച നടന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ചരിത്രപരമായ ബന്ധം വിലയിരുത്തിയ നേതാക്കൾ, വിവിധ മേഖലകളിൽ നിലവിലുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ വിപുലമാക്കുന്നതിനുള്ള വഴികളെക്കുറിച്ച് ചർച്ച ചെയ്തു.
മേഖലയിലെ നിലവിലെ സാഹചര്യങ്ങളും അന്താരാഷ്ട്രതലത്തിലെ പുതിയ സംഭവവികാസങ്ങളും കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചാവിഷയമായി. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങളും അവ ഉളവാക്കുന്ന സുരക്ഷാ-സാമ്പത്തിക പ്രത്യാഘാതങ്ങളും ഇരു നേതാക്കളും വിലയിരുത്തി. മേഖലയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി നടപ്പാക്കുന്ന എല്ലാ ശ്രമങ്ങൾക്കും പൂർണ പിന്തുണ നൽകുമെന്ന് ഇരുപക്ഷവും ആവർത്തിച്ചു. പൊതുവായ താൽപ്പര്യമുള്ള മറ്റ് നിരവധി വിഷയങ്ങളും ചർച്ചയിൽ ഇടംപിടിച്ചു.
സൗദി പക്ഷത്തുനിന്ന് മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ്, യു.കെയിലെ സൗദി അംബാസഡർ അമീർ അബ്ദുള്ള ബിൻ ഖാലിദ് ബിൻ സുൽത്താൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോ. മുസാഇദ് ബിൻ മുഹമ്മദ് അൽ ഐബാൻ, വാണിജ്യ മന്ത്രി ഡോ. മാജിദ് അൽ ഖസബി, ജനറൽ ഇൻറലിജൻസ് മേധാവി ഖാലിദ് അൽ ഹുമൈദാൻ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ബ്രിട്ടീഷ് പ്രതിനിധി സംഘത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോനാഥൻ നിക്കോളാസ് പവൽ, സൗദിയിലെ ബ്രിട്ടീഷ് അംബാസഡർ സ്റ്റീഫൻ ഹിച്ചൻ, പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ജെസീക്ക കരോലിൻ ഫിലിപ്സ്, കമ്യൂണിക്കേഷൻസ് ഡയറക്ടർ ജോർജ്ജ് സാമുവൽ ജോൺ മാസൺ, സൈനിക ഉപദേഷ്ടാവ് ക്രിസ്റ്റഫർ പീറ്റർ ഹോൺ എന്നിവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

