സൗദിയിൽ കൂടുതൽ രോഗികൾ റിയാദിലും കിഴക്കൻ പ്രവിശ്യയിലും
text_fieldsറിയാദ്: സൗദി അറേബ്യയിൽ പുതിയ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നു. തലസ്ഥാനമായ റിയാദിലും കിഴക്കൻ പ്രവിശ്യയിലുമാണ് കൂടുതൽ രോഗികൾ. ശനിയാഴ്ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം 386 പേരാണ് പുതിയ രോഗികൾ. ഇതിൽ നല്ലൊരു പങ്ക് റിയാദിലും കിഴക്കൻ പ്രവിശ്യയിലുമാണ്.
ഏറെക്കാലത്തിന് ശേഷമാണ് ദമ്മാം ഉൾപ്പെടുന്ന കിഴക്കൻ പ്രവിശ്യയിൽ പ്രതിദിന രോഗികളുടെ എണ്ണം നൂറിന് മുകളിലെത്തുന്നത്. രോഗമുക്തരുടെ എണ്ണം ഉയരുന്നതാണ് നേരിയ ആശ്വാസം. രാജ്യത്താകെ 283 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചത്. രാജ്യത്ത് വിവിധയിടങ്ങളിലായി നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 369961 ഉം രോഗമുക്തരുടെ എണ്ണം 361237 ഉം ആയി. ആകെ മരണസംഖ്യ 6397 ആയി ഉയർന്നു.
അസുഖ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2327 ആയി കുറഞ്ഞു. ഇതിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 401 ആണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 154, കിഴക്കൻ പ്രവിശ്യ 110, മക്ക 54, മദീന 19, നജ്റാൻ 12, അൽബാഹ 11, അൽഖസീം 7, അസീർ 6, വടക്കൻ അതിർത്തി മേഖല 5, ഹാഇൽ 4, ജീസാൻ 2, അൽജൗഫ് 1, തബൂക്ക് 1.

