സൗദിയിൽ കോവിഡ് രോഗമുക്തി ഉയർന്നു
text_fieldsറിയാദ്: സൗദി അറേബ്യയിൽ പ്രതിദിന കോവിഡ് രോഗമുക്തി വീണ്ടും ഉയർന്നു. 203 പേരാണ് ശനിയാഴ്ച സുഖം പ്രാപിച്ചത്. കുറച്ചുദിവസമായി രോഗമുക്തിയെക്കാൾ പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം ഉയർന്നുനിൽക്കുകയായിരുന്നു. അതിനാണിപ്പോൾ മാറ്റം വന്നത്. 197 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി നാലുപേർ മരിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 366185 ഉം രോഗമുക്തരുടെ എണ്ണം 357728 ഉം ആയി. ആകെ മരണസംഖ്യ 6350 ആയി ഉയർന്നു.
അസുഖ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും 2107 ആയി ഉയർന്നു. ഇതിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 329 ആയി. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ് തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 78, കിഴക്കൻ പ്രവിശ്യ 43, മക്ക 36, മദീന 10, അൽബാഹ 6, ഹാഇൽ 5, അസീർ 5, ഖസീം 5, ജീസാൻ 3, നജ്റാൻ 2.

