ഫലസ്തീനികൾക്ക് സഹായം തുടർന്ന് സൗദി: 15ാമത് ദുരിതാശ്വാസ വിമാനം ഈജിപ്തിലെത്തി
text_fieldsഗസ്സയിലേക്ക് സൗദിയുടെ 15ാമത്തെ ദുരിതാശ്വാസ വിമാനം ഈജിപ്തിലെ അൽഅരീഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോൾ
യാംബു: ഇസ്രായേലിന്റെ നിർത്താതെയുള്ള കര, വ്യോമ ആക്രമണത്തിനിടെ ജീവിതം ദുസ്സഹമായ ഗസ്സയിലെ ദുരിതബാധിതർക്ക് കൂടുതൽ സഹായമെത്തിച്ച് സൗദി അറേബ്യ.
രണ്ട് ഡസനിലേറെ ദുരിതാശ്വാസ വിമാനങ്ങൾ അയച്ച സൗദി ശനിയാഴ്ച മുതൽ കപ്പൽ മാർഗവും സഹായമെത്തിക്കാൻ തുടങ്ങിയിരുന്നു. 25 വിമാനങ്ങളിൽ ഉൾക്കൊള്ളുന്ന 1,050 ടൺ ദുരിതാശ്വാസ സാധനങ്ങളാണ് ഈജിപ്തിലെ പോർട്ട് സഈദിയിലെത്തിയത്.
15ാമത് ദുരിതാശ്വാസ വിമാനം തിങ്കളാഴ്ച ഈജിപ്തിലെ അൽഅരീഷ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി. ഫലസ്തീനിലേക്ക് അയക്കാൻ സൗദി ഷെഡ്യൂൾ ചെയ്ത 20 ആംബുലൻസുകളിൽ രണ്ടെണ്ണം ഇന്നലത്തെ ദുരിതാശ്വാസ വിമാനത്തിൽ എത്തിച്ചതായും അധികൃതർ അറിയിച്ചു.
റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നാണ് ഭക്ഷണവും പാർപ്പിട സാമഗ്രികളും മരുന്നും മറ്റു സഹായ വസ്തുക്കളും ഉൾപ്പെടെ 31 ടൺ ഭാരം വഹിച്ച് വിമാനം പുറപ്പെട്ടത്.
അൽഅരീഷിൽനിന്ന് റഫ അതിർത്തി കടന്ന് ട്രക്ക് മാർഗമാണ് സഹായവസ്തുക്കൾ ഗസ്സയിലെത്തിക്കുന്നത്. മേഖലയിൽ യുദ്ധം അവസാനിപ്പിക്കാനും മാനുഷിക സഹായങ്ങൾ കൂടുതലെത്തിക്കാനും സൗദിയുടെ നേതൃത്വത്തിൽ തീവ്രമായ ശ്രമം തുടരുന്നതിനിടെയാണ് പല ഘട്ടങ്ങളിലായി ദുരിതാശ്വാസ സഹായങ്ങൾ എത്തിക്കുന്നത്.
സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശമനുസരിച്ച് ഗസ്സയിലെ ആളുകളെ സഹായിക്കാനുള്ള രാജ്യത്ത് ധനസമാഹരണ കാമ്പയിൻ ഊർജിതമായി നടക്കുകയാണ്. ഇസ്രായേലിന്റെ അതിരൂക്ഷ ആക്രമണത്തിൽ ദുരിതത്തിലായ ഗസ്സയിലെ ജനതയെ സഹായിക്കാൻ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിനു കീഴിൽ (കെ.എസ്.റിലീഫ്) ആരംഭിച്ച കാമ്പയിന് വൻ പ്രതികരണമാണ് ലഭിക്കുന്നത്.
രാജ്യത്തെ സ്വദേശികളിൽനിന്നും വിദേശികളിൽനിന്നുമായി ഇതിനകം 51,95,98,530 റിയാൽ സംഭാവന ലഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഗസ്സയിലെ പുനരധിവാസത്തിന് ലോകത്തെ സുമനസ്സുകളായ ആളുകളുടെ നിർലോഭമായ സാമ്പത്തിക സഹായം കൂടിയേ മതിയാവൂ. ആപ്പിൾ സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും ലഭ്യമായ https://sahem.ksrelief.org എന്ന ‘സാഹിം’ പോർട്ടൽ വഴിയും അൽരാജ്ഹി ബാങ്കിന്റെ SA5580000504608018899998 എന്ന അക്കൗണ്ട് വഴിയും എല്ലാവർക്കും എളുപ്പത്തിൽ ഇപ്പോൾ സംഭാവന അയക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

