കിഴക്കൻ പ്രവിശ്യയിൽ പരക്കെ പൊടിക്കാറ്റ്; നേരിയ മഴ
text_fieldsദമ്മാം: കിഴക്കൻ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെയും ശക്തമായ പൊടിക്കാറ്റ്. നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും വീശിയടിച്ച പൊടിക്കാറ്റ് ജനജീവിതം ദുസ്സഹമാക്കി. ചിലയിടങ്ങളിൽ നേരിയ മഴ ലഭിച്ചു. ദൂരക്കാഴ്ച തടസ്സപ്പെട്ട് നിരവധി വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൊടിക്കാറ്റ് പുറം തൊഴിൽ ചെയ്യുന്നവരെയും യാത്രക്കാരെയുമാണ് ഏറെ വലച്ചത്. ദമ്മാം, ജുബൈൽ, അൽഖോബാർ എന്നിങ്ങനെ ഒട്ടുമിക്ക പ്രദേശങ്ങളിലും പൊടിക്കാറ്റുണ്ടായിരുന്നു. ചിലയിടങ്ങളിൽ ജോലി ഭാഗികമായി നിർത്തിവെച്ചു. നിർമ്മാണ മേഖലയിലും വ്യവസായ പ്രദേശത്തുമാണ് പൊടിക്കാറ്റ് ജോലി തടസ്സപ്പെടുത്തിയത്. കാഴ്ചയുടെ ദൂരപരിധി വളരെ കുറവായതിനാൽ വാഹനങ്ങൾ വേഗത നിയന്ത്രിച്ചാണ് സഞ്ചരിച്ചത്. പോർട്ടിലേയും വ്യവസായ മേഖലയിലെയും ചരക്കു നീക്കം അൽപം മന്ദഗതിയിലായിരുന്നു. ജുബൈൽ ടൗൺ, റോയൽ കമ്മീഷൻ, ഫൈഹ, വ്യവസായ മേഖല എന്നിവിടങ്ങളിലാണ് ജുബൈൽ മേഖലയിൽ പൊടിക്കാറ്റ് ശക്തി പ്രാപിച്ചത്. മേഖലയില്‍ കാറ്റുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പും സിവില്‍ ഡിഫന്‍സും മുന്നറിയിപ്പ് നല്‍കിയിരുന്നു. ട്രാഫിക്, സിവില്‍ ഡിഫന്‍സ്, റെഡ്ക്രസന്റ്, ആരോഗ്യം തുടങ്ങിയ വകുപ്പുകള്‍ ജാഗ്രത പുലർത്തുകയും ആവശ്യമായ മുന്‍കരുതലെടുക്കുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും പൊടിക്കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
