വാഹനാപകടത്തിൽ സൗദി പൗരൻ മരിച്ച കേസ്; ആറുവർഷം യാത്രാവിലക്ക് നേരിട്ട കുന്ദമംഗലം സ്വദേശി നാടണഞ്ഞു
text_fieldsഷാജു സാമൂഹികപ്രവർത്തകരോടൊപ്പം
റിയാദ്: വാഹനാപകടത്തിൽ സൗദി പൗരൻ മരിച്ച കേസിൽ ഒരു മാസം ജയിലിലാവുകയും ആറുവർഷം യാത്രാവിലക്ക് നേരിടുകയും ചെയ്ത മലയാളി നാടണഞ്ഞു. കോഴിക്കോട് കുന്ദമംഗലം പടനിലം സ്വദേശി ഷാജുവിനാണ് സാമൂഹികപ്രവർത്തകരുടെ സഹായത്തോടെ നടന്ന നിയമപോരാട്ടം തുണയായത്.
റിയാദിന് സമീപം മുസാഹ്മിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു നിർമാണ കമ്പനിയിൽ ഡ്രൈവറായിരുന്നു ഷാജു. 2019 ഡിസംബറിലാണ് സൗദി പൗരന്റെ മരണത്തിനിടയാക്കിയ വാഹനാപകടമുണ്ടായത്. ഷാജു ഓടിച്ച വാട്ടർ ടാങ്കർ ലോറിയുടെ പിന്നിൽ സ്വദേശി പൗരൻ ഓടിച്ച വാഹനം വന്നിടിക്കുകയും തൽക്ഷണം മരിക്കുകയുമായിരുന്നു. ഷാജുവിന് കമ്പനി ഡ്രൈവിങ് ലൈസൻസോ ഇഖാമയോ നൽകിയിരുന്നില്ല. ഇതൊന്നുമില്ലാതെ വാഹനമോടിച്ചത് കൊണ്ടാണ് അപകടത്തിന്റെ ഉത്തരവാദിയെന്ന നിലയിൽ ഷാജുവിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്.ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ പ്രസിഡന്റ് അബ്ദുൽ മജീദ് പൂളക്കാടിയെ ഷാജുവിന്റെ ഭാര്യാപിതാവ് കൃഷ്ണൻ പടനിലം നേരിൽ കണ്ട് സഹായം തേടുകയായിരുന്നു. സംഘടനയുടെ രക്ഷാധികാരി നിഹാസ് പാനൂർ, സുബൈർ കൊടുങ്ങല്ലൂർ, പ്രകാശ് കൊയിലാണ്ടി എന്നിവർ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് മുഖാന്തിരം ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഷാജുവിനെ ഒരു മാസത്തിന് ശേഷം ജാമ്യത്തിൽ പുറത്തിറക്കി.
ഇതിനിടെ കേസിൽ കോടതി നടപടികൾ ആരംഭിക്കുകയും ഒന്നരവർഷത്തിന് ശേഷം വിധി പ്രഖ്യാപിക്കുകയും ചെയ്തു. മൂന്നു ലക്ഷം റിയാൽ മരിച്ച സൗദി പൗരന്റെ കുടുംബത്തിന്ന് ബ്ലഡ് മണിയായി (ദിയ ധനം) നൽകണമെന്നായിരുന്നു കോടതി വിധി. തങ്ങൾ പകുതി മാത്രമേ അടക്കൂവെന്നും ബാക്കി തുക ഷാജു കണ്ടെത്തണമെന്നുമായിരുന്നു കമ്പനിയുടെ നിലപാട്. ഇത്രയും പണം കണ്ടെത്താൻ ഷാജുവിന് കഴിയാത്തതിനാൽ കേസ് അവസാനിപ്പിക്കാനായില്ല. പണം അടയ്ക്കാത്തതിനാൽ യാത്രാവിലക്ക് നേരിടുകയും ചെയ്തു.
ഇതോടെ നാട്ടിൽ പോകാനും കഴിഞ്ഞില്ല. മൊത്തം ആറുവർഷമാണ് കേസിൽപെട്ട് സൗദിയിൽ കുടുങ്ങിപ്പോയത്. ഒടുവിൽ സാമൂഹിക പ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ, ഗഫൂർ കൊയിലാണ്ടി എന്നിവരുടെ ശ്രമഫലമായി കോടതിയിൽ കേസ് റീ ഓപൺ ചെയ്യിക്കുകയും മുഴുവൻ തുകയും കമ്പനിയെ കൊണ്ട് അടുപ്പിക്കാനുള്ള സാധ്യതകൾ ആരായുകയും ചെയ്തു.
എന്നാൽ അത് പിന്നെയും നീണ്ടുപോയപ്പോൾ വ്ലോഗർമാരും സന്നദ്ധ സംഘടനകളും ചേർന്ന് ഷാജു അടയ്ക്കേണ്ട തുക സംഭാവനയായി സമാഹരിക്കുകയും ബാക്കി ഒന്നരലക്ഷം റിയാൽ കമ്പനി നൽകുകയും ചെയ്തതോടെ ഒരുമിച്ച് കോടതിയിൽ കെട്ടിവെച്ച് കേസ് നടപടികളിൽ തീർപ്പുണ്ടാക്കി യാത്രാവിലക്ക് ഒഴിവാക്കി. ഇതോടെ ഷാജുവിന് ഫൈനൽ എക്സിറ്റ് ലഭിക്കുകയും നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുങ്ങുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

