പൗരന്മാരെ സഹായിക്കൽ പദ്ധതി കാലാവധി നീട്ടും
text_fieldsജിദ്ദ: പൗരന്മാരെ സഹായിക്കുന്നതിനായി ആവിഷ്കരിച്ച ‘സിറ്റിസൺ അക്കൗണ്ട് പ്രോഗ്രാമി’ന്റെ പ്രവർത്തന കാലാവധി നീട്ടാൻ സൽമാൻ രാജാവ് ഉത്തരവിട്ടു. കിരീടാവകാശിയും പ്രധാനമന്ത്രിയും സാമ്പത്തിക വികസനകാര്യ കൗൺസിൽ ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ അപേക്ഷയുടെ അടിസ്ഥാനത്തിലാണിത്.
ആഗോള വിലക്കയറ്റത്തിന്റെ പ്രത്യാഘാതങ്ങളിൽനിന്ന് അർഹരായ കുടുംബങ്ങളെ സംരക്ഷിക്കുന്നതിനായി പൗരന്മാർക്ക് നൽകുന്ന സഹായത്തിന്റെ തുടർപദ്ധതിയുമാണിത്. പുതിയ ഉത്തരവനുസരിച്ച് സിറ്റിസൺ അക്കൗണ്ട് പ്രോഗ്രാമിന്റെ പ്രവർത്തനം അതിന്റെ നിലവിലെ സംവിധാനം ഉപയോഗിച്ച് വിപുലീകരിക്കും. 2023 ജൂലൈ ഗഡു വരെ നാലു മാസത്തേക്ക് ഗുണഭോക്താക്കൾക്ക് താൽക്കാലിക സഹായം നൽകുന്നത് തുടരും.
2022 ജൂലൈയിൽ പുറപ്പെടുവിച്ച രാജകീയ നിർദേശത്തിന്റെ തുടർച്ചയായാണ് ഇത് വരുന്നത്. 20 ശതകോടി റിയാൽ തുക അനുവദിച്ചിരുന്നു. അതിൽ 800 കോടി റിയാൽ 2022 സാമ്പത്തിക വർഷത്തിന്റെ അവസാനം വരെ സിറ്റിസൺ അക്കൗണ്ട് പ്രോഗ്രാമിന്റെ ഗുണഭോക്താക്കൾക്കുള്ള അധിക സാമ്പത്തികസഹായമായിരുന്നു. നിലവിലെ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മൂന്നു മാസത്തേക്ക് അഥവാ മാർച്ച് മാസം വരെ അധിക സഹായം നൽകുന്നത് നീട്ടാൻ 2023 ജനുവരിയിൽ രാജകൽപന പുറപ്പെടുവിച്ചിരുന്നു. അതാണ് ഇപ്പോൾ വീണ്ടും നീട്ടാൻ ഉത്തരവിട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

