സൗദി സിനിമ കുതിപ്പോട് കുതിപ്പ്; കഴിഞ്ഞ ആറുമാസത്തെ വരുമാനം ആയിരം കോടി റിയാൽ
text_fieldsറിയാദ്: സൗദിയിലെ സിനിമ വ്യവസായത്തിന്റെ കുതിപ്പ് തുടരുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ സിനിമ ടിക്കറ്റ് വിൽപനയിലൂടെ നേടിയ വരുമാനം 1000 കോടി റിയാലായി ഉയർന്നു.
ഇത് സിനിമ വ്യവസായത്തിന്റെ വികസനത്തെയും പൊതുജനവിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്ന ഒരു ദേശീയ നേട്ടമാണെന്നും സൗദി ഫിലിം കമീഷൻ വ്യക്തമാക്കി. സിനിമ ടിക്കറ്റ് വിൽപനയുടെ 19 ശതമാനം എട്ടു സിനിമകളാണ് കൈയടക്കിയത്. ശബാബ് അൽബോംബ് 2, ഹോബൽ, അൽ സർഫ, ഇസ്ആഫ്, ഫഖ്ർ അൽസുവൈദി, ലൈൽ നഹാർ, സെയ്ഫി, തഷ്വീഷ് എന്നീ സിനിമകളാണ് ഏറ്റവും കൂടുതൽ വരുമാനം സ്വന്തമാക്കിയത്. ജൂലൈ 13 മുതൽ 19 വരെയുള്ള കാലയളവിൽ 2.6 കോടി റിയാലിന്റെ ടിക്കറ്റാണ് വിറ്റത്.
കഴിഞ്ഞ ആറു മാസത്തിനിടെ 2.63 കോടി റിയാലിന്റെ മൊത്തം വരുമാനവുമായി അമേരിക്കൻ ചിത്രമായ ‘എഫ്1 ദി മൂവി’ പട്ടികയിൽ ഒന്നാമതെത്തി. 2.26 കോടി റിയാലുമായി ‘അൽ സർഫ’ എന്ന സൗദി സിനിമയാണ് രണ്ടാം സ്ഥാനത്ത്.
അമേരിക്കൻ ചിത്രമായ സൂപ്പർമാൻ 77 ലക്ഷം റിയാൽ കളക്ഷൻ നേടിയപ്പോൾ, ഈജിപ്ഷ്യൻ ചിത്രമായ അഹമ്മദ് ആൻഡ് അഹമ്മദ് 35 ലക്ഷം റിയാലുമായി നാലാം സ്ഥാനത്തെത്തിയതായും ഫിലിം കമീഷന്റെ റിപ്പോർട്ട് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

