ഫലസ്തീനെ സഹായിക്കാൻ സൗദി കാമ്പയിൻ; രണ്ടു ദിനംകൊണ്ട് 28 കോടി റിയാൽ കവിഞ്ഞു
text_fieldsഇസ്രായേൽ ബോംബിങ് തകർത്ത ഗസ്സയിലെ കാഴ്ച
യാംബു: ഇസ്രായേൽ അധിനിവേശ സേനയുടെ അതിരൂക്ഷ ആക്രമണത്തിൽ നരകയാതനയിലായ ഗസ്സയിലെ ജനങ്ങളെ സഹായിക്കാൻ സൗദി അറേബ്യയുടെ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന് (കെ.എസ് റിലീഫ്) കീഴിൽ വ്യാഴാഴ്ച ആരംഭിച്ച കാമ്പയിന് വൻ പ്രതികരണം.
സ്വദേശികളും വിദേശികളുമായ രാജ്യനിവാസികളിൽനിന്ന് സംഭാവനകൾ പ്രവഹിക്കുകയാണ്. ഇതിനായുള്ള ഓൺലൈൻ പോർട്ടലിലേക്ക് രണ്ടുദിനംകൊണ്ട് ഒഴുകിയെത്തിയത് 28 കോടിയിലേറെ റിയാലാണ്. ഏകദേശം 4.5 ലക്ഷത്തിലധികം ആളുകൾ ഇതിനകം സംഭാവന നൽകി. കെ.എസ് റിലീഫ് സെന്ററിെൻറ ‘സാഹിം’ (https://sahem.ksrelief.org) പോർട്ടലിലാണ് സംഭാവന സ്വീകരിക്കുന്നത്.
സൗദി ഭരണാധികാരി സൽമാൻ രാജാവ് മൂന്നു കോടി സംഭാവന നൽകിയാണ് കാമ്പയിൻ ഉദ്ഘാടനം ചെയ്തത്. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ രണ്ട് കോടി റിയാലും സംഭാവനയായി നൽകി. സൗദി ഗ്രാൻറ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ആലു ശൈഖ് രണ്ടു ലക്ഷം റിയാലും നൽകി.
വെള്ളിയാഴ്ച രാജ്യത്തെ പള്ളികളിലെ ജുമുഅ പ്രഭാഷണത്തിൽ ഗസ്സയിലെ ജനത അനുഭവിക്കുന്ന ദുരിതപൂർണമായ അവസ്ഥ വിശദീകരിച്ച ഇമാമുമാർ ആ ജനതക്ക് വേണ്ടി പ്രാർഥിക്കാനും സാമ്പത്തികമായി സഹായിക്കാനും ആഹ്വാനം ചെയ്തു. ദാനധർമങ്ങൾ നൽകുന്നവർക്ക് ഇരുലോകങ്ങളിലും ലഭിക്കുന്ന മഹത്തായ പ്രതിഫലത്തെ കുറിച്ച് ഖുർആൻ വചനങ്ങളും പ്രവാചകമൊഴികളും ചൂണ്ടിക്കാട്ടി വിശദീകരിച്ചു.
രാജകൊട്ടാര ഉപദേഷ്ടാവും കെ.എസ് റിലീഫ് സെന്ററിെൻറ ജനറൽ സൂപ്പർവൈസറുമായ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽറബീഅയാണ് ജനകീയ കാമ്പയിൻ ആരംഭിച്ചതായി വ്യാഴാഴ്ച പ്രഖ്യാപിച്ചത്. യുദ്ധത്തിൽ ദുരിതം അനുഭവിക്കുന്ന ഫലസ്തീൻ ജനതയെ സഹായിക്കാൻ ഇതിനകം വിവിധ രാജ്യങ്ങൾ മുന്നോട്ടുവന്നിട്ടുണ്ട്.
ഭക്ഷണവും വെള്ളവും പാർപ്പിടവും നഷ്ടപ്പെട്ട് പരിക്കും ദുരിതങ്ങളുമായി കഴിയുന്ന ഫലസ്തീനികൾക്ക് സഹായവുമായി വിവിധ രാജ്യങ്ങൾ മുന്നോട്ടുവന്നിട്ടുണ്ട്. യുദ്ധക്കെടുതികൾക്കൊപ്പം പട്ടിണിയിൽ അകപ്പെട്ട കുഞ്ഞുങ്ങളുടെ പുനരധിവാസത്തിന് സംവിധാനം ഒരുക്കേണ്ടതും ഇപ്പോൾ അനിവാര്യമാണ്. സാമ്പത്തികമായ വൻ ബാധ്യത വരുന്ന ഗസ്സയിലെ പുനരധിവാസത്തിന് ലോകത്തെ സുമനസ്സുകളായ ആളുകളുടെ നിർലോഭമായ സാമ്പത്തിക സഹായം കൂടിയേ മതിയാവൂ.
ആപ്പിൾ സ്റ്റോറിലും ഗൂഗ്ൾ പ്ലേയിലും ലഭ്യമായ ‘സാഹിം’ആപ് വഴിയും അൽറാജ്ഹി ബാങ്കിെൻറ SA5580000504608018899998 എന്ന അക്കൗണ്ട് നമ്പർ വഴിയും ഏതൊരാൾക്കും എളുപ്പത്തിൽ ഇപ്പോൾ സംഭാവന നൽകാനാവും. സാഹെം പോർട്ടൽ വഴി സംഭാവന നൽകുന്നവരുടെ എണ്ണവും ലഭിച്ച സംഖ്യ അപ്പപ്പോൾ അറിയാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

