ഹൂതികളുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതം; യമനുള്ള പിന്തുണ തുടരുമെന്ന് സൗദി മന്ത്രിസഭ
text_fieldsസൗദി മന്ത്രിസഭായോഗത്തിൽ സൽമാൻ രാജാവ് അധ്യക്ഷത വഹിക്കുന്നു
ജിദ്ദ: ഹൂതി മിലിഷ്യ ഉന്നയിക്കുന്ന വ്യാജ ആരോപണങ്ങളും കള്ളപ്രചാരണങ്ങളും പൂർണമായും അടിസ്ഥാനരഹിതമാണെന്ന് സൗദി മന്ത്രിസഭാ യോഗം വ്യക്തമാക്കി. ജിദ്ദയിൽ സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഹൂതികളുടെ നടപടിയെ ശക്തമായ ഭാഷയിൽ അപലപിച്ചത്.
മേഖലയിലെ നിലവിലെ സംഭവവികാസങ്ങളും അന്താരാഷ്ട്ര സമാധാനത്തിലും സുരക്ഷയിലും അവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും യോഗം വിശദമായി വിലയിരുത്തി. സ്വന്തം അജണ്ടകളും ദുരഭിലാഷങ്ങളും നടപ്പാക്കാൻ മേഖലയെ സംഘർഷങ്ങളിലേക്ക് തള്ളിവിടുന്ന ഹൂതികളുടെ നിലപാട് യമനിലെ സഹോദരങ്ങളായ ജനങ്ങളുടെ ദുരിതം വർധിപ്പിക്കാനും പ്രാദേശിക സുരക്ഷയെയും സ്ഥിരതയെയും അപായപ്പെടുത്താനുമാണ് കാരണമായത്.
യമൻ ജനതയ്ക്കും അവിടുത്തെ നിയമപരമായ ഭരണകൂടത്തിനും സൗദി അറേബ്യ നൽകിവരുന്ന പിന്തുണ തുടർന്നും ലഭ്യമാക്കുമെന്ന് മന്ത്രിസഭ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങൾക്കും 1982-ലെ ഐക്യരാഷ്ട്രസഭയുടെ സമുദ്രനിയമ കരാറിനും അനുസൃതമായി, സ്വന്തം സുരക്ഷയും കപ്പൽ ഗതാഗതവും സംരക്ഷിക്കുന്നതിന് കർശന നടപടികൾ സ്വീകരിക്കുമെന്നും യോഗം ആവർത്തിച്ചു.
ലബനാൻ പ്രസിഡൻറ് ജോസഫ് ഔനിൽ നിന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന് ലഭിച്ച ഫോൺ സന്ദേശത്തിെൻറ ഉള്ളടക്കവും യോഗം വിലയിരുത്തി. ലബനാന് സൗദി നൽകുന്ന പിന്തുണയ്ക്കും മേഖലയിൽ സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങൾക്കും ലെബനൻ പ്രസിഡൻറ് നന്ദി അറിയിച്ചു.
കുവൈത്ത്, ബഹ്റൈൻ, ജോർഡാൻ എന്നീ രാജ്യങ്ങൾക്കെതിരായ ഇറാെൻറ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും അയൽപക്ക ബന്ധങ്ങളുടെ തത്വങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് മന്ത്രിസഭ ചൂണ്ടിക്കാട്ടി. ഈ രാജ്യങ്ങൾ സ്വീകരിക്കുന്ന പ്രതിരോധ നടപടികൾക്ക് സൗദി അറേബ്യ പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ എല്ലാത്തരം സൈനിക നീക്കങ്ങളും അടിയന്തരമായി അവസാനിപ്പിക്കേണ്ടതിെൻറ ആവശ്യകതയും യോഗം എടുത്തുപറഞ്ഞു.
മറ്റു പ്രധാന തീരുമാനങ്ങൾ:
- ജി.സി.സി നിയമം: ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ സംയുക്ത വസ്തുവകകളുടെ ഉടമസ്ഥർക്കുള്ള ഏകീകൃത നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി.
- യു.എൻ ഫോറം: ഐക്യരാഷ്ട്രസഭയുടെ 2026-ലെ ഉന്നതതല രാഷ്ട്രീയ ഫോറത്തിൽ സൗദിയുടെ പങ്കാളിത്തം വിജയകരമാക്കാൻ സഹകരിച്ച ദേശീയ സ്ഥാപനങ്ങളുടെ ശ്രമങ്ങളെ മന്ത്രിസഭ പ്രശംസിച്ചു.
- 3. നേരിട്ടുള്ള വിദേശ നിക്ഷേപം: 2025-ൽ വിദേശ നേരിട്ടുള്ള നിക്ഷേപം (എഫ്.ഡി.ഐ) ആകർഷിച്ച ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ പട്ടികയിൽ സൗദി അറേബ്യ 13-ാം സ്ഥാനത്തേക്ക് ഉയർന്ന നേട്ടത്തെ യോഗം അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

