ഹൂതി ആക്രമണങ്ങളെ അപലപിച്ച് സൗദി മന്ത്രിസഭാ യോഗം
text_fieldsജിദ്ദ: അബഹ, ഖമീസ് മുശൈത്, ജിസാൻ, നജ്റാൻ എന്നീ നഗരങ്ങളിൽ സിവിലിയൻ കേന്ദ്രങ്ങൾക്കും സാമ്പത്തിക സ്ഥാപനങ്ങൾക്കും നേരെ ഹൂതി ഭീകരർ നടത്തിയ ആക്രമണങ്ങൾ വളരെ ഹീനമാണെന്ന് സൗദി മന്ത്രിസഭ വ്യക്തമാക്കി.
കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് രാജ്യത്തെയും മേഖലയിലെയും സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്തത്. ചെങ്കടലിലെ വാണിജ്യ കപ്പലുകളെയും കപ്പൽ ഗതാഗതത്തെയും ഹൂതികൾ തുടർച്ചയായി ലക്ഷ്യമിടുന്നത് ഗൗരവത്തോടെയാണ് കാണുന്നത്.
രാജ്യത്തിെൻറ പരമാധികാരവും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും ദേശീയ സമ്പത്തും സംരക്ഷിക്കാൻ സൗദി അറേബ്യ പൂർണമായും പ്രതിജ്ഞാബദ്ധമാണ്. യമെൻറയും അറബ്-ഇസ്‌ലാമിക ലോകത്തിെൻറയും സ്ഥിരത തകർക്കുന്ന ഹൂതികളുടെ ഇത്തരം ശത്രുതാപരമായ നീക്കങ്ങളെ ശക്തമായി എതിർക്കുന്നുവെന്നും യോഗം ആവർത്തിച്ചു.
ഈ ആക്രമണങ്ങളിൽ പരിക്കേറ്റവർക്ക് ഏറ്റവും മികച്ച വൈദ്യസഹായവും പരിചരണവും നൽകാൻ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും രാജ്യത്തിെൻറ സുരക്ഷ ദൈവാനുഗ്രഹത്താൽ നിലനിൽക്കട്ടെയെന്നും മന്ത്രിസഭ പ്രാർഥിച്ചു.
ഫലസ്തീൻ ജനതയ്‌ക്കെതിരായ ഇസ്രായേലിെൻറ അതിക്രമങ്ങളെയും കുടിയേറ്റ നയങ്ങളെയും ഭൂമി കൈയ്യേറ്റങ്ങളെയും ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന നടപടികളെയും മന്ത്രിസഭ ശക്തമായി അപലപിച്ചു. ജറുസലേമിലും മറ്റ് അടിച്ചമർത്തപ്പെട്ട പ്രദേശങ്ങളിലും നടക്കുന്ന ഇസ്രായേൽ ലംഘനങ്ങൾ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ സംയുക്ത അറബ് ശ്രമങ്ങൾക്കും സൗദി അറേബ്യയുടെ പൂർണ പിന്തുണയുണ്ടാകും.
അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായ ജൂതവൽക്കരണ നീതികേടുകളെയും കുടിയേറ്റ വിരുദ്ധ നടപടികളെയും ചെറുത്തുതോൽപ്പിക്കാൻ ഇത് അത്യന്താപേക്ഷിതമാണെന്നും യോഗം വിലയിരുത്തി.
ലോകരാഷ്ട്രങ്ങളുമായി ആശയവിനിമയവും ബന്ധവും ശക്തമാക്കുന്നതിെൻറ ഭാഗമായി നടന്ന പ്രവർത്തനങ്ങളെയും മന്ത്രിസഭ അവലോകനം ചെയ്തു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഡാറ്റാ സെൻററുകൾ, ക്ലൗഡ് കമ്പ്യൂട്ടിങ്, സാങ്കേതിക നിർമാണം, വെഞ്ച്വർ ക്യാപിറ്റൽ, ദേശീയ ശേഷി വികസനം എന്നിവയിൽ ഏകദേശം 1500 കോടി ഡോളറിെൻറ പുതിയ പദ്ധതികളും കരാറുകളും നിക്ഷേപങ്ങളും പ്രഖ്യാപിച്ച ‘ലീപ് 2026’ സാങ്കേതിക സമ്മേളനത്തിെൻറ നേട്ടങ്ങളെ യോഗം പ്രത്യേകമായി പ്രശംസിച്ചു.
ഇതിനുപുറമെ, രാജ്യത്തെ ജല വ്യവസായ, സേവന ദേശസാത്കരണ പരിപാടിയുടെ ഭാഗമായി പുതിയ നിക്ഷേപ പദ്ധതികൾ ആരംഭിച്ചതും മന്ത്രിസഭ ചർച്ച ചെയ്തു. വിദേശത്തുനിന്ന് സാങ്കേതികവിദ്യകൾ ഇറക്കുമതി ചെയ്ത് ഉപയോഗിക്കുന്ന രീതിയിൽ നിന്ന് മാറി, അവ രാജ്യത്ത് തന്നെ വികസിപ്പിക്കാനും നിർമിക്കാനും കയറ്റുമതി ചെയ്യാനുമുള്ള തന്ത്രപരമായ വലിയൊരു നീക്കമായാണ് ഈ മേഖലയിലെ മാറ്റങ്ങളെ യോഗം വിലയിരുത്തിയത്.
ഫോട്ടോ: സൗദി മന്ത്രിസഭായോഗത്തിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ അധ്യക്ഷത വഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

