ഫലസ്തീനിന്റെ അംഗീകാരം ത്വരിതപ്പെടുത്താൻ ആഗ്രഹിക്കുന്നു -സൗദി മന്ത്രിസഭ
text_fieldsസൗദി മന്ത്രിസഭായോഗം
റിയാദ്: സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം ലോകത്താകെ അംഗീകരിപ്പിക്കപ്പെടുന്നത് ത്വരിതപ്പെടുത്താൻ ആഗ്രഹിക്കുന്നതായി സൗദി മന്ത്രിസഭ വ്യക്തമാക്കി. ഫ്രാൻസുമായി ചേർന്ന് നടത്തുന്ന ‘ഫലസ്തീൻ പ്രശ്നത്തിന്റെ സമാധാനപരമായ പരിഹാരത്തിനായുള്ള ഉന്നതതല അന്താരാഷ്ട്ര സമ്മേളനം’ ഈ വഴിയിൽ വലിയ ഗുണം ചെയ്യുമെന്നും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനുള്ള സമവായ പാത സ്ഥാപിക്കുന്നതിനും മേഖലയിലെ രാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിനും സഹായിക്കുമെന്നും സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രത്യാശ പ്രകടിപ്പിച്ചു.
അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും ജോർഡൻ താഴ്വരയിലും പരമാധികാരം അടിച്ചേൽപ്പിക്കണമെന്ന ഇസ്രായേലി ‘നെസെറ്റി’ന്റെ ആവശ്യത്തെ മന്ത്രിസഭ ശക്തമായ ഭാഷയിൽ അപലപിച്ചു. ഇത് സമാധാന ശ്രമങ്ങൾക്ക് തുരങ്കം വെക്കുകയും നാശവും ആക്രമവും ശാശ്വതമാക്കുകയും ചെയ്യുന്നു. അധിനിവേശ അധികാരികളുടെ അന്താരാഷ്ട്ര നിയമ ലംഘനങ്ങളെയും ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളെയും സൗദി പൂർണമായും നിരാകരിക്കണമെന്നും മന്ത്രിസഭ ഊന്നിപ്പറഞ്ഞു.
സൗദി മന്ത്രിസഭായോഗത്തിൽ സൽമാൻ രാജാവ് അധ്യക്ഷത വഹിക്കുന്നു
ദേശീയ, അന്തർദേശീയ മേഖലകളിലെ സംഭവവികാസങ്ങൾ സൗദി മന്ത്രിസഭ വിലയിരുത്തി. പശ്ചിമേഷ്യയിൽ നീതിയുക്തമായ സമാധാനം സ്ഥാപിക്കുന്നതിനും അന്താരാഷ്ട്ര സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനും പതിനായിരക്കണക്കിന് നിരപരാധികളായ സാധാരണക്കാരുടെ ജീവൻ അപഹരിച്ച അക്രമചക്രം തടയുന്നതിനുമുള്ള സൗദിയുടെ നിരന്തര ശ്രമങ്ങളെ ഊന്നിപ്പറഞ്ഞു.
ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ താൽപര്യത്തെ മന്ത്രിസഭ സ്വാഗതം ചെയ്തു. മറ്റു രാജ്യങ്ങളോടും സമാനമായ നടപടികൾ സ്വീകരിക്കാനും ഫലസ്തീൻ ജനതയുടെ സമാധാനത്തിനും അവകാശങ്ങൾക്കും പിന്തുണ നൽകുന്ന നിലപാടുകൾ സ്വീകരിക്കാനും മന്ത്രിസഭ ആഹ്വാനം ചെയ്തു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ നിർദേശപ്രകാരം സിറിയയിലേക്കുള്ള സൗദി പ്രതിനിധി സംഘത്തിന്റെ സന്ദർശനത്തിന്റെ ഫലങ്ങളെ മന്ത്രിസഭ പ്രശംസിച്ചു.
സാമ്പത്തിക വളർച്ചയിലേക്കുള്ള സിറിയയുടെ പാതയിൽ സൗദി നൽകുന്ന അചഞ്ചലമായ പിന്തുണ ഈ സന്ദർശനം സ്ഥിരീകരിക്കുന്നു. ഇരു രാജ്യങ്ങളിലെയും സ്വകാര്യമേഖല സ്ഥാപനങ്ങൾ തമ്മിലുള്ള പരസ്പര സഹകരണത്തിന്റെ ചക്രം ചലിപ്പിക്കുന്നതിനും പങ്കാളിത്തം സജീവമാക്കുന്നതിനുമായി ഒരു ജോയന്റ് ബിസിനസ് കൗൺസിൽ സ്ഥാപിക്കാൻ കഴിഞ്ഞു. നിരവധി മേഖലകളിലായി 2400 കോടി റിയാലിന്റെ 47 നിക്ഷേപ കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്തതായും മന്ത്രിസഭ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

