തരിശുഭൂമി നികുതി ഭേദഗതി അംഗീകരിച്ച് സൗദി മന്ത്രിസഭ
text_fieldsജിദ്ദയിലെ അൽ സലാം കൊട്ടാരത്തിൽ ചേർന്ന സൗദി മന്ത്രിസഭായോഗത്തിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ അധ്യക്ഷത വഹിക്കുന്നു
റിയാദ്: തരിശുഭൂമി നികുതി സംവിധാനത്തിലെ നിയമഭേദഗതികൾക്ക് സൗദി മന്ത്രിസഭ അംഗീകാരം നൽകി. ചൊവ്വാഴ്ച കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന യോഗത്തിലാണിത്. ഭൂമിയും കെട്ടിടങ്ങളും വെറുതെയിട്ട് ദൗർലഭ്യം സൃഷ്ടിച്ച് വിലയും വാടകയും ഉയർത്തുന്നതിനെതിരെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സന്തുലിതാവസ്ഥ കൈവരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് നിയമഭേദഗതി.
കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ അടുത്തിടെ പുറപ്പെടുവിച്ച നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് തരിശ് ഭൂമി നികുതി സമ്പ്രദായത്തിലെ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയതെന്ന് മുനിസിപ്പാലിറ്റി, ഭവന മന്ത്രി മാജിദ് അൽഹുഖൈൽ പറഞ്ഞു. ഉപയോഗിക്കാത്ത ഭൂമിയും കെട്ടിടങ്ങളും ഉപയോഗിക്കുന്നതിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും റിയൽ എസ്റ്റേറ്റ് വിപണിയിൽ വിതരണവും ആവശ്യവും തമ്മിലുള്ള സന്തുലിതാവസ്ഥ കൈവരിക്കുന്നതിനും റിയൽ എസ്റ്റേറ്റ് ആസ്തികളുടെ ഫലപ്രദമായ ഉപയോഗം ഉത്തേജിപ്പിക്കുന്നതിനും ഒഴിഞ്ഞുകിടക്കുന്ന ഭൂമിയുടെ വികസനം ഉത്തേജിപ്പിക്കുന്നതിനും പൊതുവെ റിയൽ എസ്റ്റേറ്റ് വിതരണം കാര്യക്ഷമമാക്കുന്നതെന്നും പ്രത്യേകിച്ച് റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് മേഖലയിലെ അസന്തുലിതാവസ്ഥ ഇല്ലാതാക്കുന്നതിനും പുതിയ ഭേദഗതികൾ സഹായിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
മന്ത്രിസഭായോഗത്തിൽ ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ ബിൻ അൽ ഹുസൈനുമായും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സൗദി കിരീടാവകാശി നടത്തിയ കൂടിക്കാഴ്ചകളുടെയും ചർച്ചകളുടെയും ഉള്ളടക്കങ്ങൾ മന്ത്രിസഭയിൽ വിശദീകരിച്ചു. സൗദി-ഇന്ത്യൻ സ്ട്രാറ്റജിക് പാർട്ടർഷിപ് കൗൺസിലിന്റെ രണ്ടാം യോഗത്തിന്റെ ഫലങ്ങളെയും രണ്ട് രാജ്യങ്ങൾ തമ്മിലുള്ള വളരുന്ന സാമ്പത്തിക, വ്യാപാര, നിക്ഷേപ ബന്ധങ്ങളെയും മറ്റ് മേഖലകളിലും ഉഭയകക്ഷി സഹകരണം വർധിപ്പിക്കാൻ ശ്രമിക്കുന്നതിനെയും മന്ത്രിസഭ പ്രശംസിച്ചു.പ്രാദേശിക, അന്തർദേശീയ യോഗങ്ങളിൽ സൗദിയുടെ മൊത്തത്തിലുള്ള പങ്കാളിത്തത്തെക്കുറിച്ച് മന്ത്രിസഭ ചർച്ച ചെയ്തു. നിലവിലെ വെല്ലുവിളികളെ നേരിടുന്നതിനും ലോകമെമ്പാടും സ്ഥിരതയും സമൃദ്ധിയും കൈവരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള കൂട്ടായ പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ എടുത്തുകാണിച്ചതും ഊന്നിപ്പറഞ്ഞു.
അന്താരാഷ്ട്ര പ്രമേയങ്ങൾക്കും അറബ് സമാധാന സംരംഭത്തിനും അനുസൃതമായി ഫലസ്തീൻ പ്രശ്നത്തിന് നീതിയുക്തവും സമഗ്രവുമായ ഒരു പരിഹാരം ത്വരിതപ്പെടുത്തുകയും കിഴക്കൻ ജറുസലേം തലസ്ഥാനമായി 1967-ലെ അതിർത്തികളിൽ ഒരു സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുകയും ചെയ്യേണ്ടത് മധ്യപൂർവദേശ മേഖലയുടെ സുരക്ഷക്ക് ആവശ്യമാണെന്ന് മന്ത്രിസഭ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

