സൗദി ബജറ്റ് 2026: വരുമാനം 1.14 ട്രില്യൺ, ചെലവ് 1.31 ട്രില്യൺ, കമ്മി 165 ബില്യൺ
text_fieldsറിയാദ്: 2026 സാമ്പത്തിക വർഷത്തേക്കുള്ള പൊതു ബജറ്റിൽ പ്രതീക്ഷിക്കുന്ന വരുമാനത്തിന്റെയും ചെലവുകളുടെയും പ്രാഥമിക കണക്കുകൾ ധനമന്ത്രാലയം വ്യക്തമാക്കി. സാമ്പത്തിക സുസ്ഥിരത വർധിപ്പിക്കുന്നതിനുള്ള തന്ത്രപരമായ ലക്ഷ്യങ്ങൾ ഊന്നിപ്പറയുകയും ചെയ്തു.
മൊത്തം വരുമാനം ഏകദേശം 1.147 ട്രില്യൺ റിയാലാണെന്നും മൊത്തം ചെലവുകൾ ഏകദേശം 1.313 ട്രില്യൺ റിയാലാണെന്നും ഏകദേശം 165 ബില്യൺ റിയാലിന്റെ കമ്മി പ്രതീക്ഷിക്കുന്നുവെന്നും മന്ത്രാലയം പുറപ്പെടുവിച്ച പ്രാഥമിക കണക്കുകൾ സംബന്ധിച്ച പ്രസ്താവനയിൽ പറഞ്ഞു.
2028 ആകുമ്പോഴേക്കും വരുമാനം ഏകദേശം 1.294 ട്രില്യൺ സൗദി റിയാലായി വളരുമെന്നും മൊത്തം ചെലവുകൾ അതേ വർഷം ഏകദേശം 1.419 ട്രില്യൺ സൗദി റിയാലായി ഉയരുമെന്നും പ്രതീക്ഷിക്കുന്നു.
2025 ലെ യഥാർത്ഥ ജി.ഡി.പി വളർച്ച 4.4 ശതമാനമാകുമെന്നും പ്രതീക്ഷിക്കുന്നു. എണ്ണ ഇതര പ്രവർത്തനങ്ങളിലെ വർധനവാണ് ഈ വളർച്ചയെ പ്രധാനമായും നയിക്കുന്നത്. ഇത് 5.0 ശതമാനത്തിൽ എത്തുമെന്നും പ്രതീക്ഷിക്കുന്നുതായും കണക്കുകളിലുണ്ട്.
സൗദിയുടെ ശക്തമായ സാമ്പത്തിക സ്ഥിതി നിലനിർത്തുന്നതിനും സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതിനുമാണ് 2026 ലെ ബജറ്റ് ലക്ഷ്യമിടുന്നതെന്ന് ധനകാര്യ മന്ത്രാലയം പറഞ്ഞു.‘പ്രധാനപ്പെട്ട’ സാമ്പത്തിക കരുതൽ ശേഖരവും പൊതു കടത്തിന്റെ സുരക്ഷിതമായ നിലവാരവും നിലനിർത്തുന്നതിലൂടെയാണ് ഇത് കൈവരിക്കുകയെന്നും മന്ത്രാലയം പറഞ്ഞു.
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുക, പൊതു കടത്തിന്റെ സുരക്ഷിതമായ നിലവാരം നിലനിർത്തുക, സുസ്ഥിര സാമ്പത്തിക വളർച്ച കൈവരിക്കുന്നതിന് സംഭാവന നൽകുന്ന ഗണ്യമായ സാമ്പത്തിക കരുതൽ ധനം നിലനിർത്തുക എന്നിവയാണ് ബജറ്റിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞു.
വികസന, സാമൂഹിക ചെലവുകൾക്കുള്ള മുൻഗണനകൾ നിലനിർത്തുന്നതിനുള്ള പ്രതിബദ്ധതയിലൂടെ, സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിനൊപ്പം പൊതു ധനകാര്യത്തിന്റെ സുസ്ഥിരത ഉറപ്പാക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

