യമനിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സൗദി-ബ്രിട്ടീഷ് സഖ്യം; ഒരു കോടി ഡോളർ സഹായവുമായി കെ.എസ്. റിലീഫും യു.കെ വിദേശകാര്യ മന്ത്രാലയവും
text_fieldsയമനിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള സൗദി-ബ്രിട്ടീഷ് കരാറിൽ കെ.എസ്. റിലീഫ് സൂപ്പർവൈസർ ജനറർ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ റബീഅ ഒപ്പിടുന്നു
റിയാദ്: യമനിലെ കടുത്ത ഭക്ഷ്യപ്രതിസന്ധി ലഘൂകരിക്കുന്നതിനും ദുർബലവിഭാഗങ്ങളെ പുനരധിവസിപ്പിക്കുന്നതിനുമായി സൗദി അറേബ്യയും യുണൈറ്റഡ് കിങ്ഡവും കൈകോർക്കുന്നു. സൗദി അറേബ്യയുടെ ഔദ്യോഗിക ജീവകാരുണ്യ വിഭാഗമായ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻററും (കെ.എസ്. റിലീഫ്) യു.കെയുടെ ഫോറിൻ, കോമൺവെൽത്ത് ആൻഡ് ഡെവലപ്‌മെൻറ് ഓഫീസും (എഫ്.സി.ഡി.ഒ) സംയുക്തമായി ഒരു കോടി യു.എസ്. ഡോളറിെൻറ സാമ്പത്തിക സഹായ പദ്ധതി പ്രഖ്യാപിച്ചു.
ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യു.എഫ്.പി) മുഖേനയാണ് ഈ പദ്ധതി യമനിൽ നടപ്പാക്കുന്നത്. റോയൽ കോർട്ട് ഉപദേശകനും കെ.എസ്. റിലീഫ് സൂപ്പർവൈസർ ജനറലുമായ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ റബീഅ, യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാം ആക്ടിങ് എക്സിക്യൂട്ടീവ് ഡയറക്ടർ കാൾ സ്കാവ് എന്നിവർ വീഡിയോ കോൺഫറൻസിങ് വഴി ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു.
സൗദിയിലെ യു.കെ ഡെപ്യൂട്ടി അംബാസഡർ ഡോ. ആലീസ് ബർട്ടിെൻറ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. യമനിലെ ദുർബലവിഭാഗങ്ങളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താനും പ്രതിസന്ധികളെ അതിജീവിക്കാൻ അവരെ പ്രാപ്തരാക്കാനും ലക്ഷ്യമിട്ടാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.
ധനസഹായത്തിെൻറ പകുതി വീതം ഇരുരാജ്യങ്ങളും തുല്യമായാണ് പങ്കിടുന്നത്. യമനിലെ അൽ മഹ്‌റ, ഹദ്‌റ മൗത്ത്, ഏദൻ, അൽ ദാലി, ലഹിജ് എന്നീ അഞ്ച് പ്രവിശ്യകളിലാണ് ഈ സഹായം ലഭ്യമാക്കുക. താൽക്കാലിക ആശ്വാസത്തിന് അപ്പുറം യമനിലെ ജനങ്ങളെ ദീർഘകാലാടിസ്ഥാനത്തിൽ സ്വയംപര്യാപ്തതയിലേക്ക് നയിക്കുകയാണ് ഈ സഖ്യത്തിലൂടെ ലക്ഷ്യമിടുന്നത്.
അർഹരായ ഗുണഭോക്താക്കൾക്ക് നിബന്ധനകളോടെയുള്ള പണമിടപാടുകൾ ഉറപ്പാക്കുന്നതിലൂടെയും ഉൽപ്പാദനക്ഷമമായ ആസ്തികൾ ലഭ്യമാക്കുന്നതിലൂടെയും അവരുടെ ഭക്ഷ്യലഭ്യതയും ജീവിതനിലവാരവും ഉയർത്തും. ഇത് വഴി വിദേശത്തു നിന്നുള്ള മാനുഷിക സഹായങ്ങളെ ആശ്രയിക്കുന്നത് ഗണ്യമായി കുറയ്ക്കാൻ ഇവർക്കാകും.
കരാറിെൻറ ഭാഗമായി ഉൽപ്പാദനക്ഷമമായ പ്രാദേശിക അടിസ്ഥാന സൗകര്യങ്ങൾ പുനരധിവസിപ്പിക്കും. കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്ന കുടുംബങ്ങളെ നാലാം ഘട്ടത്തിൽനിന്നും സുരക്ഷിതത്വത്തിലേക്കും സാമ്പത്തിക സ്ഥിരതയിലേക്കും നയിക്കാൻ ഇത് സഹായിക്കും. ഇതിനൊപ്പം ഗുണഭോക്താക്കൾക്ക് തൊഴിലധിഷ്ഠിത പരിശീലന പരിപാടികളും വൈദഗ്ധ്യ വികസന ക്ലാസുകളും നൽകി ഉൽപ്പാദനക്ഷമത വർധിപ്പിക്കും.
പ്രാദേശിക ഗവേണൻസ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുക എന്നതും ഈ പങ്കാളിത്തത്തിെൻറ ഒരു പ്രധാന ലക്ഷ്യമാണ്. ഇതിലൂടെ കമ്മ്യൂണിറ്റി ആസ്തികൾ സ്വയംഭരണ സ്ഥാപനങ്ങൾ വഴി കാര്യക്ഷമമായി കൈകാര്യം ചെയ്യാനും സുസ്ഥിര വികസനം ഉറപ്പാക്കാനും സാധിക്കും. ലോകമെമ്പാടുമുള്ള ദുരിതബാധിതർക്ക് കെ.എസ്. റിലീഫിലൂടെ സൗദി അറേബ്യ നൽകിവരുന്ന അന്താരാഷ്ട്ര സഹായങ്ങളുടെ ഭാഗമാണ് ഈ പദ്ധതിയെന്ന് കെ.എസ്. റിലീഫ് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

