ഇടിക്കൂട്ടിൽ തിളങ്ങി സൗദി ബോക്‌സിങ് താരങ്ങൾ
text_fieldsറിയാദ്: ഇടിക്കൂട്ടിൽ എതിരാളികളെ പോരാടി തോൽപിച്ച് സൗദി ബോക്‌സിങ് താരങ്ങൾ. രണ്ടാമത് ദറഇയ സീസൺ പരിപാടികളുടെ ഭാഗമായി ഞായറാഴ്ച രാത്രി അരങ്ങേറിയ ‘ട്രൂത്ത് ഫൈറ്റ്’ ബോക്‌സിങ് പോരാട്ടത്തിലാണ് വനിതയടക്കം നാല് സൗദി ബോക്സർമാർ ഇടിച്ചുകയറി ഉജ്വല പോരാട്ടം കാഴ്ചവെച്ചത്. സിയാദ് മജ്‌റാഷി, റഗദ് അൽനുഐമി, സൽമാൻ ഹമാദ, സിയാദ് അൽ മയൂഫ് എന്നിവരായിരുന്നു ഇടിക്കൂട്ടിൽ അമ്പരപ്പിക്കും പ്രകടനം നടത്തിയത്. സ്‌കിൽ ചലഞ്ച് എൻറർടൈൻമെൻറ് കമ്പനിയുടെ സഹകരണത്തോടെ സൗദി ബോക്‌സിങ് ഫെഡറേഷന്‍റെ മേൽനോട്ടത്തിൽ സൗദി കായിക മന്ത്രാലയമായിരുന്നു മത്സരം സംഘടിപ്പിച്ചത്.
സൗദി ബോക്‌സിങ് താരം സിയാദ് മജ്‌റാഷി മൂന്നാം റൗണ്ടിൽ എതിരാളി ഫിലിപ്പ് വാൻസായെ പരാജയപ്പെടുത്തിയാണ് പോരാട്ടം അവസാനിപ്പിച്ചത്. ഔദ്യോഗിക ബോക്‌സിങ് മത്സരത്തിലെ ആദ്യത്തെ സൗദി വനിതാ ചാമ്പ്യൻ റഗദ് അൽനുഐമി തന്‍റെ എതിരാളിയായ പെർപെച്വൽ ഒകിഡയെക്കെതിരെ വിജയം വരിച്ചു. സൽമാൻ ഹമാദ തന്‍റെ എതിരാളി ഫിലിപ്പ് ദിവയെയും സിയാദ് അൽ മയൂഫി എതിരാളി റൊണാൾഡ് മാർട്ടിനെസിനെയും പരാജയപ്പെടുത്തി.
തന്‍റെ ആദ്യ വിജയത്തിൽ വളരെ സന്തുഷ്ടനാണെന്ന് സിയാദ് അൽമജ്‌റാഷി പറഞ്ഞു. ദറഇയ സീസണിലെ ഈ ആഗോള ഇവൻറിന് എല്ലാവരോടും നന്ദി പറയുന്നു. ഏഷ്യൻ ചാമ്പ്യൻഷിപ്പ് നേടുക എന്നതാണ് അടുത്ത ലക്ഷ്യമെന്നും അൽമജ്‌റാഷി പറഞ്ഞു.
ഈ അന്താരാഷ്ട്ര പോരാട്ടത്തിൽ രാജ്യത്തെ പ്രതിനിധീകരിക്കാനായതിൽ അഭിമാനിക്കുകയാണെന്ന് വനിത താരം റഗദ് അൽനുെഎമി പറഞ്ഞു. ഒരു ഔദ്യോഗിക ടൂർണമെൻറിൽ പങ്കെടുക്കുന്ന ആദ്യത്തെ സൗദി പെൺകുട്ടിയാണ്. വിജയം എല്ലാ സൗദികൾക്കും സമർപ്പിക്കുന്നുവെന്നും റഗദ് അൽനുഐമി പറഞ്ഞു. ഈ ആഗോള ഇവൻറിൽ പങ്കെടുക്കാൻ തയാറെടുക്കുന്നതിലും പങ്കെടുക്കുന്നതിലും താൻ വളരെയധികം പരിശ്രമിച്ചതായി സൽമാൻ ഹമാദ സൂചിപ്പിച്ചു. വിജയം നേടിയതിൽ അതിയായ സന്തോഷമുണ്ടെന്നും ഹമാദ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

