ഇന്ത്യക്കാരുൾപ്പെട്ട മത്സ്യ ബന്ധന ബോട്ട് മുങ്ങി രണ്ട് മരണം; ഒരാളെ കാണാതായി
text_fieldsദമ്മാം: ജുബൈൽ കടൽ തീരത്ത് നിന്ന് പുറപ്പെട്ട മത്സ്യ ബന്ധന ബോട്ട് മുങ്ങി രണ്ട് ഇന്ത്യക്കാർ മരിച്ചു. രണ്ടു ദിവസത്തോളം മരത്തടിയിൽ പിടിച്ച് നിന്ന് ഒരാൾ രക്ഷപ്പെടുകയും മറ്റൊരാളെ കാണാതാവുകയും ചെയ്തു. തീര സംരക്ഷണ സേനയുടെ നേതൃത്വത്തിൽ കാണാതായ മത്സ്യത്തൊഴിലാളിക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
ജുബൈലിെൻറ വടക്ക് ഭാഗത്തു നിന്നാണ് നാൽവർ സംഘം മത്സ്യ ബന്ധനത്തിനായി പുറപ്പെട്ടത്. പകൽ ശാന്തമായിരുന്ന കടൽ രാത്രിയോടെ പ്രക്ഷുബ്ധമാവുകയും കാറ്റ് പെെട്ടന്ന് ശക്തി പ്രാപിക്കുകയും ചെയ്തു. അതിശക്തമായ കാറ്റിലും കോളിലും നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് കടലിൽ മുങ്ങുകയായിരുന്നു. ഇൗജിപ്ഷ്യൻ സ്വദേശിയാണ് നടുക്കടലിൽ രണ്ടു ദിവസത്തോളം അതിസാഹസികമായി മരത്തടിയിൽ പിടിച്ചുനിന്ന് മരണത്തിെൻറ വക്കിൽ നിന്ന് ജീവിതത്തിലേക്ക് നീന്തിക്കയറിയത്. കാണാതായ നാലാമത്തെ ഇന്ത്യക്കാരനായ മത്സ്യത്തൊഴിലാളിക്കു വേണ്ടിയുള്ള തെരച്ചിൽ ശക്തമാക്കിയിതായി അധികൃതർ അറിയിച്ചു.
ബോട്ട് നിർത്തി, മുകൾ ഭാഗത്ത് രാത്രി വിശ്രമത്തിനിടെയാണ് അപ്രതീക്ഷിതമായി കാറ്റ് വീശിയടിച്ചതെന്ന് രക്ഷപ്പെട്ട ഈജിപ്ഷ്യൻ സ്വദേശി പറഞ്ഞു. വിശ്രമത്തിലായിരുന്നതിനാൽ ആരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നും പൊടുന്നനെ അതിശക്തമായ കാറ്റിൽ ബോട്ട് കീഴ്മേൽ മറിയുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ച് ദിവസത്തെ മത്സ്യ ബന്ധനത്തിനാണ് മൂന്ന് ഇന്ത്യക്കാരും ഒരു ഈജിപ്ഷ്യൻ സ്വദേശിയും ഉൾപ്പെട്ട സംഘം പുറപ്പെട്ടതെന്ന് ബോട്ടുടമസ്ഥൻ ഖലീഫ അബ്ദുലത്തീഫ് അൽദുഹൈം പറഞ്ഞു. പതിവ് പട്രോളിംഗിനിടെ, തീര സംരക്ഷണ സേനയാണ് ബോട്ട് മറിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ, സെർച്ച് ആൻറ് റെസ്ക്യൂ ഓപ്പറേഷൻ ഡിപ്പാർട്മെൻറിൽ വിവരമറിയിച്ചു. സംഭവസ്ഥലത്ത് കുതിച്ചെത്തിയ വിദഗ്ധ സംഘം വിവിധ സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച് തീവ്ര രക്ഷാപ്രവർത്തനം ആരംഭിച്ചു. രക്ഷപ്പെട്ടയാളിൽ നിന്നാണ് സംഭവത്തിെൻറ വിശദാംശങ്ങൾ വ്യക്തമായത്. മരിച്ചവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ വ്യക്തമാവും. സൗദി ആരോംകോയിെല വിദഗ്ധ സംഘത്തിെൻറയും അത്യാധുനിക ഉപകരണങ്ങളുടെയും സഹായത്തോടെ കാണാതായ ആൾക്കുവേണ്ടി തെരച്ചിൽ തുടരുകയാണ്. കണ്ടെടുത്ത രണ്ടു മൃതദേഹങ്ങൾ ജുബൈൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
