സൗദി ബാങ്കിങ് മേഖല വൻകുതിപ്പിൽ ആസ്തി വളർച്ച 1.2 ലക്ഷം കോടി ഡോളർ
text_fieldsറിയാദ്: സൗദി സാമ്പത്തിക മേഖലയിലെ ‘വിഷൻ 2030’ ലക്ഷ്യങ്ങൾ നിർദിഷ്ട തീയതിക്ക് മുമ്പ് തന്നെ നേട്ടം കൈവരിച്ചതായി റിപ്പോർട്ട്. രാജ്യത്തെ ബാങ്കിങ് മേഖലയുടെ ആകെ ആസ്തി 1.2 ലക്ഷം കോടി ഡോളർ (4.49 ലക്ഷം കോടി സൗദി റിയാൽ) ആയി ഉയർന്നതായി ഫിനാൻഷ്യൽ സെക്ടർ ഡെവലപ്മെന്റ് പ്രോഗ്രാം പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കി.
2024ലെ കണക്കാണിത്. വിഷൻ 2030 ലക്ഷ്യം 3.43 ലക്ഷം കോടി റിയാലായിരുന്നു. എന്നാൽ ആറു വർഷം മുമ്പ് തന്നെ ആ ലക്ഷ്യം മറികടന്ന് 131 ശതമാനം വളർച്ചയാണ് നേടിയത്.
സാമ്പത്തിക വളർച്ചയെ പിന്തുണക്കുന്നതിൽ ബാങ്കിങ് മേഖലയുടെ നേട്ടങ്ങൾ വലിയ തോതിൽ സ്വാധീനിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. സൗദി അറാംകോ ഒഴികെയുള്ള സൗദി സ്റ്റോക്ക് മാർക്കറ്റായ ‘തദാവുൽ ഓൾ ഷെയർ ഇൻഡെക്സ്’ മൂല്യം ജി.ഡി.പിയുടെ 86.7 ശതമാനം വിപണി മൂലധനത്തിലെത്തി. സ്വകാര്യവായ്പ മൂല്യം ജി.ഡി.പിയുടെ 69 ശതമാനമാണ്. ഇൻഷുറൻസ് പ്രീമിയങ്ങൾ എണ്ണയിതര ജി.ഡി.പിയുടെ 2.59 ശതമാനത്തിലെത്തി. കഴിഞ്ഞ വർഷത്തെ ലക്ഷ്യങ്ങളിലെ ഒമ്പതു ശതമാനം ഇങ്ങനെ മറികടന്നു. ചെറുകിട, ഇടത്തരം സംരംഭ വായ്പകൾ മൊത്തം വായ്പയുടെ 9.4 ശതമാനം ആയിരുന്നു.
ഇത് വാർഷിക ലക്ഷ്യത്തിന്റെ 94 ശതമാനത്തിലെത്തി. മാനേജ്മെന്റിന് കീഴിലുള്ള ആസ്തികൾ ജി.ഡി.പിയുടെ 26.3 ശതമാനം ആയിരുന്നു. ഇത് ലക്ഷ്യത്തിന്റെ 89 ശതമാനത്തിലെത്തി. സാമ്പത്തിക പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിലും വിശാലമായ സാമ്പത്തിക പരിവർത്തനം സാധ്യമാക്കുന്നതിലും രാജ്യത്തിന്റെ തുടർച്ചയായ വിജയത്തെ റിപ്പോർട്ട് പ്രതിഫലിപ്പിക്കുന്നുവെന്ന് എഫ്.എസ്.ഡി.പി കമ്മിറ്റി അധ്യക്ഷനായ ധനമന്ത്രി മുഹമ്മദ് അൽ ജദ്ആൻ പറഞ്ഞു.
കഴിഞ്ഞ വർഷം ഡിജിറ്റൽ പേയ്മെന്റുകൾ മൊത്തം ഉപഭോക്തൃ ഇടപാടുകളുടെ 79 ശതമാനമായി ഉയർന്നു. ഇത് മേഖലയുടെ ഡിജിറ്റൽ പക്വതയെ അടിവരയിടുന്നു. സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും നേതൃത്വത്തിൽ പരിവർത്തന കാലഘട്ടത്തിൽ രാജ്യത്തിന്റെ എല്ലാ മേഖലകളിലുമുള്ള പരിഷ്കരണത്തിന്റെയും വളർച്ചയുടെയും ഫലങ്ങൾ കൈവരിക്കുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നതായി സൗദി ധനമന്ത്രി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

