എണ്ണയുൽപാദനം വെട്ടിക്കുറക്കുന്നത് തുടരുമെന്ന് സൗദി അധികൃതർ
text_fieldsയാംബു: എണ്ണയുൽപാദനം വെട്ടിക്കുറക്കുന്നത് തുടരുമെന്ന് സൗദി അറേബ്യ. ജൂലൈ ഒന്ന് മുതൽ പ്രതിദിന എണ്ണയുൽപാദനത്തിൽ 10 ലക്ഷം ബാരൽ വീതം കുറവ് വരുത്തിയത് ആഗസ്റ്റിലും തുടരുമെന്ന് സൗദി ഊർജ മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു. ഒരു മാസത്തേക്ക് ഉൽപാദനത്തിൽ നിയന്ത്രണം വരുത്താനുള്ള തീരുമാനമാണ് ഒരു മാസം കൂടി നീട്ടിയത്.
ആഗസ്റ്റിലെ രാജ്യത്തിന്റെ ഉൽപാനം പ്രതിദിനം ഏകദേശം 90 ലക്ഷം ബാരൽ ആയിരിക്കും. എണ്ണയുൽപാദനം വെട്ടിക്കുറക്കാനുള്ള തീരുമാനം ഏപ്രിൽ മാസത്തിലാണ് പ്രഖ്യാപിച്ചത്. എണ്ണ വിപണികളിൽ സ്ഥിരതയും സന്തുലനവും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്റെ തീരുമാനപ്രകാരമാണ് എണ്ണയുൽപാദനത്തിൽ കുറവു വരുത്തുന്നത്.
ഒപെക് രാജ്യങ്ങളും സൗദിയും തമ്മിലുള്ള ഏകോപനം ആഗോള എണ്ണ വില സ്ഥിരപ്പെടുത്തുന്നതിലും സന്തുലനം കാത്തുസൂക്ഷിക്കുന്നതിലും വിജയിച്ചതായി സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ നേരത്തേ വ്യക്തമാക്കിയിരുന്നു. എണ്ണ വിപണിയിൽ സ്ഥിരത കൈവരിക്കുന്നതിൽ ഒപെക് പ്ലസ് രാജ്യങ്ങൾ വിജയിച്ചത് ആഗോള തലത്തിൽ തന്നെ ശ്രദ്ധേയമായിട്ടുണ്ട്.
ഒപെക് പ്ലസുമായുള്ള സഖ്യം കരുത്തുറ്റതാക്കാൻ സൗദി മുന്നോട്ടുവെച്ച നിർദേശം അംഗീകരിച്ച് ഒപെക് അതിന്റെ സ്ഥാപക ലക്ഷ്യം കൈവരിക്കുകയും ഫലം മെച്ചപ്പെടുത്തുകയും ചെയ്തു. ഇത് ഒപെക് അംഗ രാജ്യങ്ങൾക്കിടയിലും കൂടുതൽ ഐക്യവും ഏകോപനവും ഉണ്ടാക്കാനും വഴിവെച്ചു. ലോകം അഭിമുഖീകരിക്കുന്ന നിലവിലെ സാഹചര്യങ്ങൾ, സാമ്പത്തിക ഏറ്റക്കുറച്ചിലുകൾ, അനിശ്ചിതത്വങ്ങൾ എന്നിവക്കിടയിൽ എല്ലാ ഒപെക് അംഗരാജ്യങ്ങളും തമ്മിലുള്ള സമവായം ഏറെ ഫലം ചെയ്യുന്നതായും ഊർജ മന്ത്രാലയം വിലയിരുത്തി.
ഫോട്ടോ: oil production
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

