പ്രഫഷനൽ വിസ സ്റ്റാമ്പിങ്ങിന് സൗദി അറ്റസ്റ്റേഷൻ വേണ്ട
text_fieldsറിയാദ്: പ്രഫഷനൽ വിസയിൽ സൗദി അറേബ്യയിലേക്ക് വരാനൊരുങ്ങുന്നവർക്ക് ആശ്വാസനടപടിയുമായി ഇന്ത്യയിലെ സൗദി എംബസിയും കോൺസലേറ്റും. പ്രഫഷനൽ വിസ സ്റ്റാമ്പ് ചെയ്യാൻ യോഗ്യത സർട്ടിഫിക്കറ്റുകളിൽ സൗദി എംബസിയുടെയോ കോൺസലേറ്റിന്റെയോ അറ്റസ്റ്റേഷൻ വേണമെന്ന നിബന്ധന ഒഴിവാക്കി. ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളാണെങ്കിൽ സൗദി എംബസിയോ കോൺസലേറ്റോ അറ്റസ്റ്റ് ചെയ്യേണ്ടതില്ലെന്ന് മുംബൈയിലെ സൗദി കോൺസലേറ്റ് ബന്ധപ്പെട്ട റിക്രൂട്ടിങ് ഏജൻസികളെ അറിയിച്ചു.
നിലവിൽ ഈ അറ്റസ്റ്റേഷൻ നിർബന്ധമായിരുന്നു. ഏറെ സമയമെടുത്താണ് അറ്റസ്റ്റേഷൻ നടപടി പൂർത്തീകരിച്ചിരുന്നത്. മാസങ്ങളോളം കാത്തിരുന്ന് അറ്റസ്റ്റേഷൻ നടത്തി മാത്രമേ വിസ സ്റ്റാമ്പിങ്ങിന് അയക്കാൻ കഴിയുമായിരുന്നുള്ളൂ. ഇത് സൗദിയിൽ ജോലിതേടുന്ന ഉദ്യോഗാർഥികൾക്ക് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. വിദ്യാഭ്യാസയോഗ്യത സർട്ടിഫിക്കറ്റിലും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിലും ഇന്ത്യൻ മാനവവിഭവശേഷി മന്ത്രാലയത്തിന്റെയും വിദേശകാര്യമന്ത്രാലയത്തിന്റെയും അറ്റസ്റ്റേഷനാണ് ആദ്യം വേണ്ടത്. മാനവവിഭവശേഷി മന്ത്രാലയ അറ്റസ്റ്റേഷൻ കേരളത്തിൽ നോർക്ക റൂട്ട്സിൽനിന്ന് ചെയ്തുകിട്ടും.
അതിന് ശേഷമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ അറ്റസ്റ്റേഷനായി സമർപ്പിക്കുക. അതും കിട്ടിക്കഴിഞ്ഞാൽ സൗദി എംബസിയിലോ കോൺസലേറ്റിലോ അറ്റസ്റ്റേഷനായി സമർപ്പിക്കണം. അതാകട്ടെ ഏറെ കാലതാമസം എടുക്കുന്നതായിരുന്നു. എംബസിയോ കോൺസലേറ്റോ സർട്ടിഫിക്കറ്റുകൾ അതത് യൂനിവേഴ്സിറ്റികളിലേക്കും പ്രവൃത്തിപരിചയം നേടിയ സ്ഥാപനങ്ങളിലേക്കും ‘ഡേറ്റാ ഫ്ലോ’ എന്ന കമ്പനി വഴി വെരിഫിക്കേഷന് അയക്കും. ആ നടപടി പൂർത്തിയായി ക്ലിയറൻസ് കിട്ടാൻ കാലതാമസമെടുക്കും. ശേഷമാണ് അറ്റസ്റ്റേഷൻ.
അതും കഴിഞ്ഞേ വിസ സ്റ്റാമ്പിങ് നടക്കുമായിരുന്നുള്ളൂ. നിലവിലെ ഈ സ്ഥിതിക്കാണ് പുതിയ തീരുമാനത്തോടെ മാറ്റം വരുന്നത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അറ്റസ്റ്റേഷൻ കിട്ടിക്കഴിഞ്ഞാൽ വേഗം വിസ സ്റ്റാമ്പിങ്ങിന് അയക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

