സൗദി ഏഷ്യൻ കപ്പ് 2027 ഡിസംബറിലേക്ക് മാറ്റി
text_fieldsറിയാദ്: 2027ലെ സൗദി ഏഷ്യൻ കപ്പ് ടൂർണമെൻ്റിൻ്റെ സമയക്രമം മാറ്റിയതായി ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ അറിയിച്ചു. മുമ്പ് 2027 ജനുവരി ഏഴ് മുതൽ ഫെബ്രുവരി അഞ്ച് വരെ നടത്താൻ തീരുമാനിച്ചിരുന്ന ടൂർണമെൻ്റ് പുതുക്കിയ തിയതി പ്രകാരം 2027 ഡിസംബർ 23 മുതൽ 2028 ജനുവരി 21 വരെയായിരിക്കും നടക്കുക.
സൗദി ഫുട്ബാൾ ഫെഡറേഷൻ, പ്രാദേശിക സംഘാടക സമിതി എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനമെന്ന് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ ചൊവ്വാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. നിലവിലെ സാഹചര്യങ്ങളും സംഘാടനവുമായി ബന്ധപ്പെട്ട കാര്യങ്ങളും വിശദമായി വിലയിരുത്തിയ ശേഷമാണ് തിയതികളിൽ മാറ്റം വരുത്തിയത്.
മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്കും ആരാധകർക്കും ബന്ധപ്പെട്ട മറ്റ് വിഭാഗങ്ങൾക്കും അവിസ്മരണീയമായ അനുഭവം ഉറപ്പാക്കാനും, ടൂർണമെൻ്റ് മികച്ച സാഹചര്യങ്ങളിൽ നടത്താനും വേണ്ടിയാണ് സമയക്രമത്തിൽ മാറ്റം വരുത്തിയതെന്ന് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ സൂചിപ്പിച്ചു. ടൂർണമെൻ്റ് സംഘാടനത്തിനായുള്ള സൗദി ഫുട്ബാൾ ഫെഡറേഷൻ്റെയും പ്രാദേശിക സംഘാടക സമിതിയുടെയും പ്രതിബദ്ധതയെയും പൂർണ സന്നദ്ധതയെയും എ.എഫ്.സി പ്രശംസിച്ചു.
ഏഷ്യൻ കപ്പിൻ്റെ പ്രൗഢിയും ഭൂഖണ്ഡത്തിലെ ഫുട്ബാൾ ആരാധകരുടെ പ്രതീക്ഷകളും ഉൾക്കൊള്ളുന്ന ലോകോത്തര നിലവാരത്തിലുള്ള ടൂർണമെൻ്റ് ഒരുക്കാൻ അവർക്ക് സാധിക്കുമെന്ന ആത്മവിശ്വാസവും ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ പ്രകടിപ്പിച്ചു.പുതിയ തിയതികളിലേക്ക് സുഗമമായ മാറ്റം ഉറപ്പാക്കുന്നതിനായി സൗദി ഫെഡറേഷൻ, സംഘാടക സമിതി, പങ്കാളികളായ അംഗരാജ്യങ്ങൾ, സ്പോൺസർമാർ എന്നിവരുമായി സഹകരിച്ചുള്ള തുടർനടപടികൾ തുടരുമെന്ന് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ വ്യക്തമാക്കി.
അതേ സമയം, ടൂർണമെൻ്റിന് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യ പൂർണ്ണ സജ്ജമാണെന്ന് 2027ലെ സൗദി ഏഷ്യൻ കപ്പ് പ്രാദേശിക സംഘാടക സമിതി ചെയർമാൻ യാസിർ അൽ മിസ്ഹൽ പറഞ്ഞു. മുമ്പ് തീരുമാനിച്ചിരുന്ന ജനുവരിയിലെ തിയതികൾക്കനുസരിച്ച് ടീമുകളെയും ആരാധകരെയും സ്വീകരിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും അംഗീകൃത പദ്ധതികൾ പ്രകാരം പൂർത്തിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2027 ഡിസംബറിലെ പുതിയ തിയതി വരെ ടൂർണമെൻ്റിനായുള്ള തയ്യാറെടുപ്പുകൾ അതേ ഊർജത്തോടും ആവേശത്തോടും കൂടെത്തന്നെ തുടരും. മത്സര തിയതി മാറ്റിയതിലൂടെ ടൂർണമെൻ്റ് പുതിയ സമയക്രമത്തിലേക്ക് മാറി എന്നത് മാത്രമാണ് സംഭവിച്ചിട്ടുള്ളതെന്നും മുൻകൂട്ടി നിശ്ചയിച്ച പദ്ധതികളും ഒരുക്കങ്ങളും അതേപടി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സൗദിയുടെ പ്രൗഢിക്കും ഏഷ്യൻ കപ്പിൻ്റെ വലിപ്പത്തിനും ചേർന്നവിധം അവിസ്മരണീയവും ലോകോത്തര നിലവാരത്തിലുള്ളതുമായ മികച്ചൊരു ടൂർണമെൻ്റ് സമ്മാനിക്കുന്നതിനായി ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷനുമായും മറ്റ് പങ്കാളികളുമായും ചേർന്ന് ചേർന്നുപ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

