കലാസാംസ്കാരിക വിനിമയം; ദേശാന്തരപര്യടനവുമായി എട്ടംഗ സൗദി കലാസംഘം
text_fieldsസൗദി കലാസംഘത്തിന്റെ യാത്രാവാഹനവും കലാകാരന്മാരും
റിയാദ്: കലാസാംസ്കാരിക വിനിമയത്തിന് ദേശാന്തരപര്യടനവുമായി സൗദി കലാസംഘം. ജിദ്ദ നഗരത്തിൽനിന്ന് തുടങ്ങി റിയാദിലുൾപ്പെടെ നാടും നഗരവും ചുറ്റി അതിർത്തികടന്ന് ബഹ്റൈനിലും പര്യടനത്തിനിറങ്ങിയ എട്ടംഗ സൗദി കലാസംഘത്തിന്റെ പുതിയ പ്രചാരണ മാർഗത്തിന് വൻ സ്വീകാര്യത. ജിദ്ദ കേന്ദ്രീകരിച്ച് കലാസാംസ്കാരികരംഗത്ത് സമഗ്രവും പരീക്ഷണാത്മകവുമായ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകുന്ന ഡിസൈനർമാർ, ക്യൂറേറ്റർമാർ, ഗവേഷകർ തുടങ്ങി വ്യത്യസ്ത സർഗാത്മകമേഖലയിലെ പ്രതിഭകൾ അടങ്ങുന്നവരുടെ കൂട്ടമായ ‘സിന്ദ്ബാദ് കലക്ടീവ്’ ആണ് സംഘാടകർ.
ഫെബ്രുവരി ആറ് മുതൽ 20 വരെ നടക്കുന്ന സിന്ദ്ബാദ് കലക്റ്റീവിന്റെ നാലാമത്തെ വാർഷിക പ്രദർശനപരിപാടിയാണ് ഇത്തവണ ‘സിന്ദ്ബാദ് ഓൺ ദ റോഡ്’ എന്ന ശീർഷകത്തിൽ ഹൈവേകളിലും നഗരതെരുവുകളിലും നാട്ടിൻപുറങ്ങളിലും പ്രദർശനശാലകളായി ഓടിയെത്തിയത്. യാത്രയിലുടനീളം കലാസൃഷ്ടികൾ പ്രദർശിപ്പിക്കാനും പുതിയത് ശേഖരിക്കാനും സൃഷ്ടിപരമായ കമ്യൂണിറ്റികളുമായി ബന്ധപ്പെടാനും കഴിയുംവിധമാണ് സംഘം യാത്രാവാഹനം സജ്ജീകരിച്ചിട്ടുള്ളത്.
ഈ വർഷം, യാത്രക്കൊപ്പം ഓപൺ-മൈക്ക് പ്രകടനങ്ങൾ, കലാകാരന്മാരുടെ പ്രകടനങ്ങൾ, ക്യൂറേറ്റഡ് സംഗീത പ്ലേലിസ്റ്റുകൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു ഓൺലൈൻ പ്ലാറ്റ്ഫോമായ സിന്ദ്ബാദ് റേഡിയോയും സംഘം പുറത്തിറക്കി. കലാകാരന്മാരുടെ സൃഷ്ടികളെ കുറിച്ച് അവർതന്നെ വിശദീകരിക്കുന്ന ശബ്ദം റെക്കോഡുചെയ്യും. അത് സിന്ദ്ബാദ് റേഡിയോ പ്രക്ഷേപണം ചെയ്യും. ശ്രോതാക്കൾക്ക് അത് കേൾക്കാനും അതുവഴി പുതിയ കലാകാരന്മാരെ പരിചയപ്പെടാനും കഴിയും. കഴിവുള്ളവർക്ക് വേദികൾ കണ്ടെത്താനുള്ള കൂട്ടമാണ് സിന്ദ്ബാദ്. ജിദ്ദയിൽനിന്ന് ആരംഭിച്ച യാത്ര അൽഖോബാറിലും റിയാദിലും ബഹ്റൈനിലും കറങ്ങി ജിദ്ദയിൽ തിരിച്ചെത്തും.
കഴിഞ്ഞയാഴ്ച റിയാദ് ദറഇയ്യയിലെ ജാക്സ് പ്രദേശത്ത് നടന്ന കലാപ്രവർത്തകരുടെ സംഗമത്തിലും കലാസംഘം പങ്കാളികളായി. ബഹ്റൈനിലേക്ക് കടന്ന യാത്ര ഈ മാസം 15ന് ബഹ്റൈനിലെ യുവാക്കൾക്കിടയിൽ സമകാലിക കലാരൂപങ്ങളെ പിന്തുണക്കുകയും സർഗാത്മകത പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കലാകേന്ദ്രമായ അൽ റിവാഖ് ആർട്ട് സ്പേസിൽ പ്രദർശനപരിപാടികൾ നടത്തി.
യാത്രയിൽ ശേഖരിച്ചത് ഉൾെപ്പടെയുള്ള കലാസൃഷ്ടികളുടെ അന്തിമപ്രദർശനം ഈ മാസം 20ന് ജിദ്ദയിലെ നഖ്ഷ് ആർട്ട് സ്റ്റുഡിയോയിൽ നടക്കുമെന്നും സംഘാടകർ അറിയിച്ചു. തുടർന്ന് മാർച്ച് 13ന് അൽഉലയിൽ നടക്കുന്ന എൻ.ഇ.എസ്.ടി പുസ്തകപ്രകാശനത്തിലും സിന്ദ്ബാദ് കലാസംഘം പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

