കെട്ടിട നിർമാണത്തിൽ സൗദി വാസ്തുവിദ്യ മൂന്നാം ഘട്ടം ആരംഭിച്ചു
text_fieldsറിയാദ്: കെട്ടിട നിർമാണത്തിൽ സൗദി വാസ്തുവിദ്യ മാതൃക നടപ്പിലാക്കുന്നതിലെ മൂന്നാം ഘട്ടം ആരംഭിച്ചു. ജിസാൻ, സകാക്ക, ബുറൈദ എന്നീ പുതിയ നഗരങ്ങളിലെ പ്രധാന സർക്കാർ പദ്ധതികളും വാണിജ്യ കെട്ടിടങ്ങളും ഇതിൽ ഉൾപ്പെടും.
മാർച്ചിലാണ് കിരീടാവകാശിയും സൗദി വാസ്തുവിദ്യക്കുള്ള സുപ്രീം കമ്മിറ്റി ഫോർ ഡിസൈൻ ഗൈഡ്ലൈൻസിന്റെ ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ പുറത്തിറക്കിയ സൗദി വാസ്തുവിദ്യ മാതൃക നടപ്പിലാക്കൽ ആരംഭിച്ചത്. സൗദിയിലെ പ്രധാന സർക്കാർ പദ്ധതികളിലും വാണിജ്യ കെട്ടിടങ്ങളിലും ഘട്ടങ്ങളായി ഇത് നടപ്പിലാക്കാനാണ് തീരുമാനിച്ചത്. ദമ്മാം, ഖോബാർ, ഖത്വീഫ്, ഹാഇൽ, അൽബഹ, മദീന, നജ്റാൻ, അബഹ, ത്വാഇഫ്, അൽഅഹ്സ എന്നിവയാണ് ഒന്നും രണ്ടും ഘട്ടങ്ങളിൽ ഉൾപ്പെടുത്തിയ നഗരങ്ങൾ. ജിസാൻ, സകാക്ക, ബുറൈദ എന്നീ പുതിയ മൂന്നു നഗരങ്ങൾ കൂടി ചേരുന്നതോടെ പദ്ധതിയിലേക്ക് ചേർക്കപ്പെട്ട നഗരങ്ങളുടെ എണ്ണം 13 ആകും. സൗദി വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ദേശീയ വാസ്തുവിദ്യ ഐഡന്റിറ്റി ശക്തിപ്പെടുത്തുന്നതിനും ജീവിത നിലവാരം ഉയർത്തുന്നതിനും സൗദി നഗരങ്ങളിലെ നഗര ഭൂപ്രകൃതി മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളെ വാസ്തുവിദ്യ ഭൂപടം ഉൾക്കൊള്ളുന്നു.
സൗദി ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ സവിശേഷതകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട 19 വാസ്തുവിദ്യ ശൈലികൾ ഭൂപടത്തിൽ ഉൾപ്പെടുന്നു. തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന കെട്ടിട പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന വാസ്തുവിദ്യാ, ചരിത്ര പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ശൈലികൾ തെരഞ്ഞെടുത്തത്. നജ്ദി വാസ്തുവിദ്യ, വടക്കൻ നജ്ദി വാസ്തുവിദ്യ, തബൂക്ക് തീരദേശ വാസ്തുവിദ്യ, മദീന വാസ്തുവിദ്യ, മദീന ഗ്രാമപ്രദേശ വാസ്തുവിദ്യ, ഹിജാസി തീരദേശ വാസ്തുവിദ്യ, തായിഫ് വാസ്തുവിദ്യ, സരാവത് പർവതനിരകളുടെ വാസ്തുവിദ്യ, അസീർ താഴ്വരകളുടെ വാസ്തുവിദ്യ, തിഹാമ താഴ്വരകളുടെ വാസ്തുവിദ്യ, തിഹാമ തീരദേശ വാസ്തുവിദ്യ, അബഹ ഉയർന്ന പ്രദേശങ്ങളുടെ വാസ്തുവിദ്യ, ഫറാസൻ ദ്വീപുകളുടെ വാസ്തുവിദ്യ, ബിഷ മരുഭൂമി വാസ്തുവിദ്യ, നജ്റാൻ വാസ്തുവിദ്യ, അൽ-അഹ്സ മരുപ്പച്ച വാസ്തുവിദ്യ, ഖത്തീഫ് വാസ്തുവിദ്യ, കിഴക്കൻ തീര വാസ്തുവിദ്യ, കിഴക്കൻ നജ്ദി വാസ്തുവിദ്യ എന്നിവയാണ് സൗദി വാസ്തുവിദ്യാ ഭൂപടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന വാസ്തുവിദ്യാ ശൈലികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

