സൗദിയിൽ ശനിയാഴ്ചവരെ മഴയും പൊടിക്കാറ്റും മൂടൽമഞ്ഞും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ കേന്ദ്രം
text_fieldsയാംബു: സൗദിയുടെ വിവിധ പ്രദേശങ്ങളിൽ ശനിയാഴ്ച വരെ മഴയും മൂടൽ മഞ്ഞും പൊടിക്കാറ്റും പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചിലയിടങ്ങളിൽ മിന്നലോടുകൂടിയ മഴയും ദൂരദൃഷ്ടി കുറക്കുന്ന വിധത്തിലുള്ള മൂടൽമഞ്ഞും പ്രകടമാകുന്ന സാഹചര്യത്തിൽ പ്രദേശങ്ങളിൽ താമസിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കാൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് നിർദേശം നൽകി.
മഴ മുന്നറിയിപ്പ് പ്രദേശങ്ങളിൽ ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിൽ മാറി നിൽക്കാനും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും താഴ്വരകളിലും താഴ്ന്ന പ്രദേശങ്ങളിലും സഞ്ചാരം നടത്തുന്നത് ഒഴിവാക്കാനും ഡയറക്ടറേറ്റ് അഭ്യർഥിച്ചു. വിവിധ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെയും പ്രഖ്യാപിക്കുന്ന നിർദേശങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും അധികൃതർ ഊന്നിപ്പറഞ്ഞു. കേന്ദ്രത്തിന്റെ കാലാവസ്ഥ പ്രവചനം അനുസരിച്ച് മക്ക മേഖലയിൽ മിതമായതോ കനത്തതോ ആയ മഴയാണ് പ്രതീക്ഷിക്കുന്നത്. ചില പ്രദേശങ്ങളിൽ മഴ മൂലം വെള്ളപ്പൊക്കവും ഉണ്ടായേക്കാം.
പൊടിയും മണലും ഇളക്കിവിടുന്ന കാറ്റും മൂടൽ മഞ്ഞും ഉണ്ടാവാനും സാധ്യതയുണ്ട്. മക്ക മേഖലയിലെ ത്വാഇഫ്, മെയ്സാൻ, അദാം, അൽ അർദിയത്ത്, അല്ലൈത്ത്, ഖുൻഫുദ എന്നീ പ്രദേശങ്ങളും ഉൾപ്പെടുന്നു. ജിസാൻ, അസീർ, അൽബഹ എന്നീ പ്രദേശങ്ങളിൽ മിതമായതോ കനത്തതോ ആയ മഴ പെയ്യുമെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം പുറത്തിറക്കിയ കാലാവസ്ഥ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
സൗദിയുടെ കിഴക്കൻ പ്രവിശ്യയുടെയും നജ്റാന്റെയും ചില ഭാഗങ്ങളിലും റിയാദ്, മദീന, അൽജൗഫ്, ജീസാനിലേക്കുള്ള തീരദേശ റോഡ് എന്നിവിടങ്ങളിൽ പൊടിക്കാറ്റിന് കാരണമാകുന്ന ഉപരിതല കാറ്റ് ഉണ്ടാകുമെന്ന് കേന്ദ്രം പ്രവചിക്കുന്നു.
മിതമായതോ കനത്തതോ ആയ ഇടിമിന്നലോടുകൂടിയ മഴയും, ആലിപ്പഴ വർഷവും, സജീവമായ കാറ്റും ചിലയിടങ്ങളിൽ പ്രതീക്ഷിക്കുന്നു. ജിസാൻ, അസീർ, അൽ ബഹ, മക്ക എന്നിവയുടെ ചില ഭാഗങ്ങളിൽ തിരശ്ചീന ദൃശ്യപരത പരിമിതപ്പെടുത്തുമെന്ന് കേന്ദ്രം അറിയിച്ചു.
ഈ പ്രദേശങ്ങളിലെ ഉയർന്ന പ്രദേശങ്ങളുടെയും തീരപ്രദേശങ്ങളുടെയും ചില ഭാഗങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെട്ടേക്കാമെന്നും, കിഴക്കൻ പ്രവിശ്യയുടെയും നജ്റാന്റെയും ചില ഭാഗങ്ങളിൽ ഇടിമിന്നലിനുള്ള സാധ്യതയും വരും ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നതായി കേന്ദ്രം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

