സന്ദർശകർക്ക് ആശ്വാസമായി സൗദിയുടെ ‘ടൂറിസ്റ്റ് പാക്കേജ് വിസ’; വിമാന ടിക്കറ്റും ഹോട്ടലും വിസയും ഇനി ഒറ്റ ബുക്കിങ്ങിൽ
text_fieldsറിയാദ്: സൗദി അറേബ്യ സന്ദർശിക്കുന്ന അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ യാത്രാനടപടികൾ ലളിതമാക്കാൻ ടൂറിസം മന്ത്രാലയം പുതിയ ‘ടൂറിസ്റ്റ് പാക്കേജ് വിസ’ സേവനത്തിെൻറ ആദ്യഘട്ടം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു. വിഷൻ 2030-െൻറ ഭാഗമായി ടൂറിസം, വിദേശകാര്യം, ആഭ്യന്തര മന്ത്രാലയങ്ങളും ഇൻഷുറൻസ് അതോറിറ്റിയും സംയുക്തമായാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്.
പുതിയ പദ്ധതി പ്രകാരം സന്ദർശകർക്ക് വിമാന ടിക്കറ്റ്, ഹോട്ടൽ താമസം, ഇലക്ട്രോണിക് വിസ എന്നിവ ഒരൊറ്റ ബുക്കിങ്ങിലൂടെ സ്വന്തമാക്കാം. നിലവിൽ ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ഈജിപ്ത്, ജോർഡാൻ, ഇന്തോനേഷ്യ, മെക്സിക്കോ എന്നീ ഏഴ് രാജ്യങ്ങളിലെ പൗരന്മാർക്കാണ് ആദ്യഘട്ടത്തിൽ ഈ സേവനം ലഭ്യമാകുക.
അംഗീകൃത യാത്രാ ഏജൻസികൾ വഴി പാക്കേജ് വാങ്ങി 48 മണിക്കൂറിനുള്ളിൽ വിസ ലഭിക്കും. എംബസി സന്ദർശനം ആവശ്യമില്ലാത്ത ഈ സിംഗിൾ എൻട്രി വിസയ്ക്ക്, ഫീസും ഇൻഷുറൻസും ഉൾപ്പെടെ ഏകദേശം 402.21 സൗദി റിയാലാണ് ചെലവ്. യാത്ര ആരംഭിക്കുന്ന തീയതി മുതൽ മൂന്ന് മാസമാണ് വിസ കാലാവധി. എന്നാൽ, പാക്കേജ് റദ്ദാക്കിയാൽ വിസയും സ്വയം റദ്ദാക്കപ്പെടും, തുക തിരികെ ലഭിക്കില്ല.
പ്രധാന നിബന്ധനകൾ:
1. ടൂറിസം മന്ത്രാലയത്തിെൻറ ലൈസൻസുള്ള, കുറഞ്ഞത് ഫോർ സ്റ്റാർ ഹോട്ടലിലെ താമസവും ഇരുവശത്തേക്കുമുള്ള ഫ്ലൈറ്റ് ടിക്കറ്റും നിർബന്ധമാണ്.
2. കുറഞ്ഞത് രണ്ട് ദിവസം മുതൽ പരമാവധി 88 ദിവസം വരെ രാജ്യത്ത് തുടരാം.
3. പാക്കേജ് നിരക്കുകൾ 4,000 റിയാൽ മുതൽ
4. ഒരൊറ്റ പാക്കേജിൽ 14 യാത്രക്കാരെ വരെ ഉൾപ്പെടുത്താം.
കഴിഞ്ഞ വർഷം 12.3 കോടി സന്ദർശകരെത്തിയ സൗദി, മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ടൂറിസം വിപണിയായി മാറിക്കഴിഞ്ഞു. ഈ പുതിയ സേവനം വേനൽക്കാലത്ത് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

