സൗദിയിൽ ഷമ്മാം പഴം ഉൽപാദനം 63,000 ടൺ കവിഞ്ഞു; റിയാദ്, അൽ ഖസീം, മദീന, ഹാഇൽ, നജ്റാൻ എന്നിവിടങ്ങളിലാണ് കൂടുതൽ ഉൽപാദനം
text_fieldsയാംബു: സൗദിയിൽ വേനൽക്കാലത്തെ ഷമ്മാം പഴം ഉൽപാദനത്തിൽ ഗണ്യമായ വർധനയാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തുടനീളമുള്ള പ്രാദേശിക വിപണികളിൽ വിവിധ തരം ഷമ്മാം പഴം ഉൽപാദനം മികവ് പുലർത്തി 63,100 ടൺ കവിഞ്ഞതായി സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. റിയാദ്, അൽ ഖസിം, മദീന, ഹാഇൽ, നജ്റാൻ എന്നീ പ്രദേശങ്ങളിലാണ് വിവിധ തരത്തിലുള്ള ഷമ്മാം പഴങ്ങൾ കൂടുതൽ ഉൽപാദിപ്പിക്കുന്നത്. കാനറി, ഹൈബ്രിഡ് ഗാലിയ, ഹണിഡ്യൂ, ഗോൾഡൻ ബോൾ എന്നീ പേരുകളിലറിയപ്പെടുന്ന ഷമ്മാം പഴം ഇപ്പോൾ രാജ്യത്തെ വിവിധ വിപണികൾ കീഴടക്കിയിരിക്കുന്നു.
ഷമ്മാം പഴം നടുന്നതിനും ഉൽപാദിപ്പിക്കുന്നതിനുമുള്ള പുതിയ സാങ്കേതിക വിദ്യകൾ ഇപ്പോൾ കർഷകർ കൂടുതൽ സ്വീകരിച്ചത് ഉൽപാദനം വർധിപ്പിക്കാനും പഴത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിച്ചതായി സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പറഞ്ഞു. ഇതു കർഷകരുടെയും പ്രാദേശിക ഉൽപാദകരുടെയും വരുമാനം ഗണ്യമായി വർധിപ്പിച്ചു. കാർഷിക മേഖലയിൽ ഷമ്മാം പഴം കൃഷി ചെയ്യുന്ന കർഷകരെ വ്യക്തമായ സാമ്പത്തിക സ്വാധീനം ചെലുത്തിയതായി മന്ത്രാലയം വിലയിരുത്തുന്നു.
കർഷകരെ വിവിധ രീതിയിൽ പിന്തുണച്ച് അവരെ ശാക്തീകരിക്കുക, ഉൽപാദന മാർഗങ്ങൾ നിർദേശിക്കുക, ഏറ്റവും പുതിയ കാർഷിക രീതികളെയും സാങ്കേതിക വിദ്യകളെയും കുറിച്ച് പരിശീലനം നൽകുക, സാമ്പത്തിക സഹായം നൽകുക എന്നിവ ലക്ഷ്യമിട്ടുള്ള വിവിധ പരിപാടികളാണ് കൃഷി മന്ത്രാലയം നടപ്പിലാക്കിയത്. കാർഷിക മേഖലയുടെ വികസനവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ മന്ത്രാലയം പ്രാദേശിക വിളകളുടെ ഉൽപാദനത്തെ പിന്തുണക്കുന്നത് കർഷകരെ കൃഷി മേഖലയിൽ തന്നെ തുടരാൻ പ്രേരിപ്പിക്കുന്നതും രാജ്യം കൈവരിച്ച നേട്ടമായി വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

